ആലപ്പുഴ തുറവൂരില്‍ ഉയരപ്പാതയുടെ കൂറ്റന്‍ ബീമുകള്‍ നിലംപതിച്ചു; ഒഴിവായത് വന്‍ ദുരന്തം

ആലപ്പുഴ അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ഗര്‍ഡര്‍ നിലംപതിച്ചു. തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബീമുകള്‍ അഴിച്ചു മാറ്റുന്നതിനിടയിലാണ് നിലം പതിച്ചത്. തുറവൂര്‍ ജംക്ഷനില്‍ ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു സംഭവം. ആളപായമില്ല. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്.
കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ക്ക് താങ്ങായി താല്‍ക്കാലികമായി സ്ഥാപിച്ച ബീമുകള്‍ക്ക് 80 ടണ്‍ ഭാരമാണ് ഉള്ളത്. ബീമുകള്‍ ഇറക്കുമ്പോള്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഇതുമൂലം ദേശീയപാതയില്‍ തുറവൂര്‍ ജംക്ഷന്‍ ഗതാഗത കുരുക്കിലായി. പിന്നീട് വലിയ ക്രെയിനുകളെത്തിച്ച് ഇത് ഉയര്‍ത്തി മാറ്റിയ ശേഷമാണ് റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.
ആളപായമില്ലെങ്കിലും ബിമുകള്‍ പതിച്ചത് ദേശീയ പാതയ്ക്ക് കുറുകെയായതിനാല്‍ ഒന്നര മണിക്കൂറോളം ഇവിടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ബീമുകള്‍ കൊണ്ടുപോകാനായി തൂണിനടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന പുള്ളര്‍ ലോറി തകര്‍ന്നു. വേറെ സ്ഥലത്തുവെച്ച് പണിഞ്ഞുകൊണ്ട് വരുന്ന ഗര്‍ഡര്‍ പാലത്തില്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിലംപതിച്ചത്. ഇരുമ്പ് റോപ്പ് ഇരുമ്പ് റോപ്പ് പൊട്ടിയതാണ് 80 ടണ്‍ ഭാരവും 24 മീറ്റര്‍ നീളവുമുള്ള ഗര്‍ഡര്‍ താഴെ വീഴാന്‍ കാരണം.
