കർണ്ണാടകയിൽ പേവിഷ ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന

ബംഗളൂരു: ആറു മാസത്തിനിടയില്‍ കര്‍ണാടകയില്‍ പേവിഷ ബാധ മൂലം 19 മരണങ്ങളും പട്ടിയുടെ കടിയുമായി ബന്ധപ്പെട്ട 2.3 ലക്ഷത്തോളം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കേസുകളില്‍ വന്‍ വർധനയുണ്ടായതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. നായുടെ കടിയുമായി ബന്ധപ്പെട്ട് 2024 ല്‍ സംസ്ഥാനത്താകെ 3.6 ലക്ഷം കേസുകളും 42 പേവിഷ ബാധ മൂലമുള്ള മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കര്‍ണാടകയില്‍ ഈ വർഷം ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 30 വരെ നായ് കടിയുമായി ബന്ധപ്പെട്ട് 2,31,091 കേസുകളും 19 പേവിഷ ബാധ മൂലമുള്ള മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇത് യഥാക്രമം 1,69,672 ഉം 18 ഉം കേസുകളായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 36.20 ശതമാനം വര്‍ധനയാണുണ്ടായത്. സംസ്ഥാനത്ത് 2022 നു ശേഷം ഏറ്റവുമധികം കേസുകൾ റിപ്പോര്‍ട്ട് ചെയ്തത് ഈ വർഷമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി. വിജയപുരയാണ് കേസുകളിൽ മുന്നിൽ; 15,527. ബി.ബി.എം.പി പരിധിയിൽ 13,831 ഉം ഹസന് 13,388 ഉം ദക്ഷിണ കന്നട 12,524 ഉം ബാഗല്‍കോട്ട് 12,392 ഉം കേസുകൾ റിപ്പോർട്ട് ചെയ്തു. കൂടാതെ, ബാഗല് കോട്ട് റൂറല്‍ 4,408, ബംഗളൂരു അര്‍ബണ്‍ 8,878 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് യാദ്ഗിർ -1132, ചാമരാജ് നഗര്‍- 1810, കുടക്- 2523 എന്നിവിടങ്ങളിലാണ്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിൽ റിപ്പോർട്ട് ചെയ്ത 19 പേവിഷ ബാധ മരണങ്ങളിൽ ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത് ബംഗളൂരു അര്‍ബനിലാണ് ഒമ്പത് മരണം. ബെളഗാവിയിൽ അഞ്ചും ബാഗല്‍കോട്ട്, ബെള്ളാരി, ചിക്കബെല്ലാപുര എന്നിവിടങ്ങളില്‍ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ, ഹുബ്ബള്ളിയില്‍ മൂന്നു വയസ്സായ പെണ്‍കുട്ടിയെ രണ്ടു തെരുവുനായ്ക്കൾ ആക്രമിക്കുന്ന വിഡിയോ സമൂഹ മാധ്യമത്തില്‍ വൈറലായിരുന്നു. കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നു എന്നതിനാലാണ് കേസുകൾ വർധിക്കുന്നതെന്നും മുന്‍ കാലങ്ങളില്‍ മിക്ക കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നും നിലവില്‍ സ്ഥിതി നിയന്ത്രണാതീതമാണെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹർഷ് ഗുപ്ത പറഞ്ഞു. പേവിഷ ബാധ തടയുന്നതിന്റെ ഭാഗമായി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, നായ്ക്കളുടെ കടിയേറ്റവർക്ക് ചികിത്സ നൽകുന്നതിന് ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുക, മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുക, തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ നഗര തദ്ദേശ സ്ഥാപനങ്ങൾക്കും ഗ്രാമീണ ഭരണകൂടങ്ങൾക്കും നിർദേശം നൽകുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറിയ കടിയോ, പോറലോ പോലും അണുബാധയേല്‍ക്കാന്‍ കാരണമാകുമെന്നതിനാല്‍ കടിയേറ്റ ഉടന്‍ കൃത്യമായ വൈദ്യ സഹായം നല്‍കുകയും അണുബാധ തടയുകയുമാണ് വേണ്ടത്.2020 ലെ കർണാടക പകർച്ചവ്യാധി രോഗ നിയമപ്രകാരം മനുഷ്യരിലെ റാബീസ് രോഗം ഒരു പ്രത്യേക പരിഗണന ലഭിക്കേണ്ട രോഗമായി കണക്കാക്കാന്‍ തുടങ്ങിയതുമുതല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും റിപ്പോര്‍ട്ട് ചെയ്യുന്ന റാബീസ് കേസുകള്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് നിര്‍ബന്ധമാക്കിയിരുന്നു. നായ്ക്കളുടെ കടിയുമായി ബന്ധപ്പെട്ട് മരണം സംഭവിക്കുന്ന സ്ഥലങ്ങളില്‍ ഓഡിറ്റ് നടത്തണമെന്ന പ്രാദേശിക കമീഷണര്‍മാര്‍ക്ക് ഉത്തരവ് ഇറക്കിയ കാര്യവും അദ്ദേഹം സൂചിപ്പിച്ചു. മരണത്തിന് പിന്നിലെ കാരണം, രോഗിക്ക് തക്കസമയത്ത് ചികിത്സ ലഭിച്ചിട്ടുണ്ടോ, പരിചരണത്തില്‍ അപാകതയുണ്ടായിരുന്നോ, കടിച്ച നായെ തിരിച്ചറിഞ്ഞോ എന്നീ കാര്യങ്ങള്‍ ഓഡിറ്റ് മുഖേന അറിയാന്‍ സാധിക്കും.
