വമ്പന്‍ ജയം, പോയന്‍റ് പട്ടികയില്‍ കുതിച്ച് കൊല്‍ക്കത്ത; അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി ഹൈദരാബാദ്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 80റണ്‍സിന്‍റെ വമ്പന്‍ ജയം നേടിയതോടെ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്ന് മുന്നോട്ട് കുതിച്ച് നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്ത നൈറ്ററ് റൈഡേഴ്സ്. സീസണിലെ രണ്ടാം ജയത്തോടെ നാലു കളികളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമുള്ള കൊല്‍ക്കത്ത നാലു പോയന്‍റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. 80 റണ്‍സിന്‍റെ കൂറ്റന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റിലും(+0.070) കൊല്‍ക്കത്ത മുന്നോട്ട് കയറി. നാലു കളികളില്‍ മൂന്നാം തോല്‍വി വഴങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് എട്ടാം സ്ഥാനത്തു നിന്ന് അവസാന സ്ഥാനത്തേക്ക് വീണതാണ് മറ്റൊരു പ്രധാന മാറ്റം. രണ്ട് കളികളില്‍ രണ്ടും ജയിച്ച പഞ്ചാബ് കിംഗ്സാണ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. രണ്ട് കളികളില്‍ നാലു പോയന്‍റുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് നെറ്റ് റണ്‍റേറ്റില്‍(+1.320) പഞ്ചാബിന് പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്. ബാറ്റിംഗ് നിരയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മുംബൈ താരത്തെ ട്രയല്‍സിന് ക്ഷണിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് കഴിഞ്ഞ ദിവസം ഗുജറാത്തിനോട് തോറ്റ ആര്‍സിബി മൂന്നാമതും ഗുജറാത്ത് നാലാമതുമാണ്. രണ്ട് പോയന്‍റ് വീതമുള്ള മുംബൈ ഇന്ത്യൻസ്, ലക്നൗ സൂപ്പര്‍ ജയന്‍റ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന്‍ റോയൽസ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഇന്ന് നടക്കുന്ന മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെ തോല്‍പ്പിച്ചാല്‍ മുന്‍ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനും പോയന്‍റ് പട്ടികയില്‍ മുന്നേറാന്‍ അവസരമുണ്ട്. നിലവില്‍ മൂന്ന് കളികളില്‍ രണ്ട് പോയന്‍റുള്ള മുംബൈക്ക് ഇന്ന് ലക്നൗവിനെതിരെ ജയിച്ചാല്‍ കൊല്‍ക്കത്തയെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്താം. വമ്പന്‍ ജയമാണ് നേടുന്നതെങ്കില്‍ ഗുജറാത്തിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് ഉയരാനും മുംബൈക്ക് അവസരമുണ്ട്. നാളെ നടക്കുന്ന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിംഗ്സിനെ നേരിടുന്ന രാജസ്ഥാന്‍ റോയല്‍സിനും ജയിച്ചാല്‍ മുന്നേറാന്‍ അവസരം ലഭിക്കും. നാളത്തെ മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴാം സ്ഥാനക്കാരായ ചെന്നൈയെ നേരിടും.
