27.10 കിലോമീറ്റർ മൈലേജുള്ള കുഞ്ഞൻ എസ്‌യുവിക്ക് വില കൂട്ടി ഹ്യുണ്ടായി

ഇന്ത്യയിൽ ഹാച്ച്ബാക്കുകളുടെ വിലയിൽ എസ്‌യുവികൾ സുലഭമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ടാറ്റ പഞ്ചും നിസാൻ മാഗ്നൈറ്റുമെല്ലാം വന്ന് മൈക്രോ സ്പോർട് യൂട്ടിലിറ്റി വാഹന വിഭാഗം കൈയടക്കിയപ്പോൾ നഷ്‌ടക്കച്ചവടമുണ്ടായത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിക്കായിരുന്നു. ഗ്രാൻഡ് i10 നിയോസ്, i20 തുടങ്ങിയ മോഡലുകളുടെ വിൽപ്പനയെയാണ് ഇതെല്ലാം ബാധിച്ചത്. അങ്ങനെ ഈ പ്രതിഭാസത്തെ നേരിടാനായി കമ്പനി രൂപംകൊടുത്ത മോഡലായിരുന്നു എക്സ്റ്റർ. പഞ്ചിന്റെ മെയിൻ വില്ലനായി അവതരിപ്പിച്ച കുഞ്ഞൻ എസ്‌യുവി പെട്ടന്നാണ് ക്ലിക്കായത്. കുറഞ്ഞ വിലയും തിങ്ങിനിറഞ്ഞ ഫീച്ചറുകളും കോംപാക്‌ട് രൂപവുമെല്ലാം ആളുകൾക്ക് വേഗം ഇഷ്‌ടമായി.
അങ്ങനെ ആളുകളെ അതിവേഗം കൈയിലെടുത്ത് എക്സ്റ്റർ കുതിക്കുകയാണ് ഇപ്പോഴും. എന്നാൽ പുതുവർഷം പിറന്നതോടെ ഹ്യുണ്ടായിയുടെ കുഞ്ഞൻ എസ്‌യുവി സ്വന്തമാക്കാൻ അൽപം പാട്പെടേണ്ടി വരും കേട്ടോ. മറ്റൊന്നുമല്ല, 2025 ജനുവരിയിൽ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കുമെന്ന് കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം എക്സ്റ്ററിന്റെ വിലയിലും മാറ്റമുണ്ടായിരിക്കുകയാണ്.
ടാറ്റ പഞ്ച് പോലുള്ള വാഹനങ്ങൾക്ക് എതിരാളിയായ ഹ്യുണ്ടായിയുടെ ബി-എസ്‌യുവിയുടെ വിലയിൽ 9,700 രൂപ വരെ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എക്സ്റ്റർ SX 1.2 മാനുവൽ നൈറ്റ് എഡിഷൻ ഹൈ-സിഎൻജി ഡ്യുവോ, SX 1.2 മാനുവൽ ഹൈ-സിഎൻജി ഡ്യുവോ, S 1.2 മാനുവൽ ഹൈ-സിഎൻജി ഡ്യുവോ പതിപ്പുകൾക്കാണ് ഇത്രയും ഉയർന്ന വില വർധനവ് നടപ്പിലാക്കിയിരിക്കുന്നത്.
അതേസമയം Micro എസ്‌യുവിയുടെ SX 1.2 മാനുവൽ സിഎൻജി, S 1.2 മാനുവൽ സിഎൻജി പതിപ്പുകൾക്ക് 8,200 രൂപയാണ് ഇനി മുതൽ അധികം മുടക്കേണ്ടി വരിക. എക്സ്റ്റർ ശ്രേണിയിലെ SX(O) കണക്ട് 1.2 എഎംടി, SX(O) കണക്ട് 1.2 എഎംടി നൈറ്റ് എഡിഷൻ എന്നീ തിരഞ്ഞെടുത്ത വകഭേദങ്ങളുടെ വില ഹ്യുണ്ടായി വർധിപ്പിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. മറ്റെല്ലാ വകഭേദങ്ങൾക്കും 7,500 രൂപയുടെ ഏകീകൃത വില വർധനവും കമ്പനി നടപ്പിലാക്കിയിട്ടുണ്ട്.
