മേക്കപ്പ് ഇടുന്നതിന് എനിക്ക് നല്ല പൈസ കിട്ടും, കമന്‍റിടുന്ന നിങ്ങൾക്ക് എന്തു കിട്ടും’? വിമർശനവുമായി റിയാസ്

ബിഗ് ബോസ് സീസൺ 4 ൽ ഏറ്റവും ശ്രദ്ധ നേടിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റിയാസ് സലീം. എല്‍ജിബിടിക്യു കമ്യൂണിറ്റിക്കുവേണ്ടി നിലകൊള്ളുന്ന റിയാസിന്‍റെ വാക്കുകള്‍ ബിഗ് ബോസിലൂടെ പ്രേക്ഷകര്‍ ഏറെ ശ്രദ്ധയോടെ കേട്ടിരുന്നു. എന്നാല്‍ ഷോയ്ക്ക് ശേഷം റിയാസിന്റെ മേക്കപ്പിനെയും വസ്ത്രധാരണ രീതിയെയുമൊക്കെ പരിഹസിക്കുകൊണ്ട് ഒരു വിഭാഗം രംഗത്തെത്താറുണ്ട്. ഇങ്ങനെ പരിഹസിക്കുന്നവർക്ക് റിയാസ് അതേ നാണയത്തിൽ മറുപടി നൽകാറുമുണ്ട്. ഈ വിഷയത്തിൽ വീണ്ടുമൊരു പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ”ഞാന്‍ മേക്കപ്പ് ഇടുന്നത് എന്റെ പണം കൊണ്ടാണ്. അതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം. മേക്കപ്പ് വീഡിയോകളിൽ ബ്രാൻഡുകളുമായി കൊളാബറേറ്റ് ചെയ്യുമ്പോൾ എനിക്ക് ഇങ്ങോട്ട് പണം കിട്ടാറുണ്ട്. ചിലപ്പോൾ ഒരു ലക്ഷം രൂപ വരെയൊക്കെ കിട്ടും. ഇത്തരം കമന്റ് ഇടുന്നവർക്ക് എന്താണ് കിട്ടുന്നത്. ഞാന്‍ ഇങ്ങനെ മേക്കപ്പ് ചെയ്യുന്നതും കയ്യില്‍ ബാഗ് പിടിക്കുന്നതും ഷൈനിങ് ആയിട്ടുള്ള വസ്ത്രം ധരിക്കുന്നതും ആണോ അവരുടെ പ്രശ്‌നം? ഞാന്‍ മേക്കപ്പ് ഇടുന്നത് എന്റെ പണം കൊണ്ടാണ്. അതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം? നിങ്ങളും ഇങ്ങനെ ചെയ്യണം എന്ന് ഞാന്‍ ആരോടും പറയാറില്ല”, റിയാസ് പറഞ്ഞു. സ്വന്തമായി ഒരു മേക്കപ്പ് ബ്രാൻഡ് തുടങ്ങണം എന്നത് തന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണെന്നും മേക്കപ്പ് അത്രയധികം ഇഷ്ടപ്പെടുന്നയാളാണ് താനെന്നും റിയാസ് സലീം പറഞ്ഞു. തന്നെ ഇഷ്ടമുള്ളവര്‍ മാത്രം ഇഷ്ടപ്പെട്ടാല്‍ മതി. എന്തിനാണ് ആവശ്യമില്ലാതെ വെറുപ്പ് പ്രചരിപ്പിക്കുന്നതെന്നും റിയാസ് ചോദിച്ചു. ബിഗ് ബോസ് മലയാളം സീസണ്‍ 4 ൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നുവന്ന റിയാസ് സലീം ഫിനാലെ വരെ എത്തിയിരുന്നു. ഉറച്ച നിലപാടുകളിലൂടെയും റിയാസ് നിരവധി പേരുടെ ശ്രദ്ധ നേടിയിരുന്നു.
