ബേക്കറിയിൽ നിന്ന് പലഹാരം വാങ്ങി ക്യുആർ കോഡ് സ്കാൻ ചെയ്തതേ ഓർമയുള്ളൂ, പൊലീസുകാരന് നഷ്ടമായത് 2.3 ലക്ഷം രൂപ!
പുനെ: സൈബർ തട്ടിപ്പിൽ പൊലീസുകാരന് നഷ്ടമായത് 2.30 ലക്ഷം രൂപ. പുനെയിലെ സസ്വാദിലാണ് സംഭവം. ബേക്കറിയിൽനിന്ന് പലഹാരം വാങ്ങി ബില്ലടയ്ക്കാൻ ശ്രമിച്ചതോടെയാണ് തട്ടിപ്പിനിരയായത്. പണം നൽകാനായി ക്യു ആർ കോഡ് സ്കാൻ ചെയ്തപ്പോൾ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് 18,755 രൂപ അനധികൃതമായി ഡെബിറ്റ് ചെയ്യപ്പെട്ടതായി പൊലീസുകാരന്റെ ശ്രദ്ധയിൽപ്പെട്ടു. അനധികൃത ഇടപാടിൽ പരിഭ്രാന്തനായ അദ്ദേഹം തൻ്റെ മറ്റ് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ശമ്പള അക്കൗണ്ടിൽ നിന്ന് 12,250 രൂപ ഉൾപ്പെടെയുള്ള അനധികൃത ഇടപാടുകൾ നടന്നതായി കണ്ടു. അക്കൗണ്ടിൽ 50 രൂപ മാത്രമാണ് അവശേഷിച്ചിരുന്നത്. സ്വർണപ്പണയ അക്കൗണ്ടിൽ നിന്ന് 1.9 ലക്ഷം രൂപയുടെ ഇടപാടിന് ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) അറിയിപ്പ് ലഭിച്ചതോടെ കൂടുതൽ പരിഭ്രാന്തിയിലായി. ഒടിപി നൽകാതെ തന്നെ ഇടപാട് വിജയകരമായി പൂർത്തിയാക്കി. കൂടാതെ, തട്ടിപ്പുകാർ ഇയാളുടെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ഉപയോഗിച്ച് 14,000 രൂപയുടെ രണ്ട് ഇടപാടുകൾ നടത്താൻ ശ്രമിച്ചു. ഭാഗ്യവശാൽ, തൻ്റെ ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാർഡും മരവിപ്പിച്ചിരുന്നതിനാൽ കൂടുതൽ പണം നഷ്ടമായില്ല. അന്വേഷണം പുരോഗമിക്കുകയാണ്, APK ഫയൽ വഴി കോൺസ്റ്റബിളിൻ്റെ മൊബൈൽ ഫോണിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും തട്ടിപ്പുകാർ പ്രവേശനം നേടിയതിനാലാണ് പണം നഷ്ടമായതെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. ലിങ്കിൽ കോൺസ്റ്റബിൾ അറിയാതെ ക്ലിക്ക് ചെയ്‌തതാകാം പണം നഷ്ടമാകാനുള്ള കാരണമെന്നും സംശയിക്കുന്നു. എപികെ ഫയൽ ഡൗൺലോഡ് ചെയ്യാൻ ക്യുആർ കോഡിൽ കൃത്രിമം കാണിച്ചതാണോ അതോ തട്ടിപ്പുകാർ മറ്റ് തന്ത്രങ്ങൾ പ്രയോഗിച്ചതാണോ എന്ന് കണ്ടെത്താൻ പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. ഓൺലൈനായി പണം നൽകുന്നതിന് മുമ്പ് ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണം ക്യുആർ കോഡുകൾ പരിശോധിച്ചുറപ്പിക്കുക: ക്യുആർ കോഡിലൂടെയാണ് പണമടയ്ക്കുന്നതെങ്കിൽ, സ്വീകർത്താവ് വിശ്വാസയോഗ്യനാണെന്ന് ഉറപ്പാക്കുകയും സംശയാസ്പദമായ സ്ഥലങ്ങളിൽ നിന്നുള്ള കോഡുകൾ സ്കാൻ ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യുക. സ്വീകർത്താവിന്റെ പേര് പരിശോധിക്കുക. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക: ടെക്സ്റ്റ് മെസേജുകൾ, ഇമെയിലുകൾ അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴി അയക്കുന്ന ആവശ്യപ്പെടാത്ത ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. ഈ ലിങ്കുകൾ ഫിഷിംഗ് സൈറ്റുകളിലേക്ക് നയിച്ചേക്കാം അല്ലെങ്കിൽ നിങ്ങളുടെ ഫോണിൽ വൈറസുകളെ ഇൻസ്റ്റാൾ ചെയ്യാം. ഔദ്യോഗിക ആപ്പുകൾ മാത്രം ഉപയോഗിക്കുക: ഡിജിറ്റൽ ഇടപാടുകൾക്കായി എപ്പോഴും ഔദ്യോഗികവും പരിശോധിച്ചുറപ്പിച്ചതുമായ ആപ്പുകൾ ഉപയോഗിക്കുക.