കസ്റ്റഡിയിലെടുക്കുന്ന പ്രതിയെ 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണം; ഹൈക്കോടതി

പ്രതിയെ കസ്റ്റഡിയിലെടുത്താല്‍ 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണം; ഹൈക്കോടതി
കൊച്ചി: പൊലീസ് കസ്റ്റഡിയിലെടുത്താല്‍ ഒരാളെ 24 മണിക്കൂറിനുള്ളില്‍ തന്നെ മജിസ്സ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അടങ്ങുന്ന ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
അറസ്റ്റിലായ വ്യക്തിയെ 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നാണ് ഭരണഘടന പറയുന്നത്. അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്തത് മുതലുള്ള സമയമാണ് പരിഗണിക്കേണണ്ടതെന്നും മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ ഒരാളെ 24 മണിക്കൂറിലധികം തടവില്‍ വെക്കാന്‍ കഴിയില്ലെന്നും ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്തിടത്ത് നിന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്താന്‍ ആവശ്യമായ സമയം ഒഴികെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ സമയപരിധിക്കപ്പുറം തടങ്കില്ലില്‍ വെക്കരുതെന്നാണ് നിര്‍ദേശം.
കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിലകം ഹാജരാക്കിയില്ലെന്നതിന്റെ പേരില്‍ പ്രതിക്ക് ജാമ്യം അനുവദിച്ച കേസിലാണ് കോടതിയുടെ ഈ നിരീക്ഷണം. പശ്ചിമ ബംഗാള്‍ സ്വദേശി ബിസ്വജിത് മണ്ഡലായിരുന്നു പ്രതി.
2025 ജനുവരി 25 ഉച്ചകഴിഞ്ഞ് മൂന്ന് മണിയോട് കൂടെയാണ് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഇയാളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പടുത്തിയത് 26ന് ഉച്ചക്കും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത് അന്ന് രാത്രി എട്ടിനുമാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം. 24 മണിക്കൂറോളം തന്നെ കസ്റ്റഡിയില്‍ വെച്ചെന്നും ഇത് നിയമലംഘനമാണെന്നും ഇയാള്‍ വാദിച്ചു.
25ന് വൈകീട്ട് ഏഴോടെയാണ് കഞ്ചാവ് പിടിച്ചെടുത്തതെന്നും 26ന് ഉച്ചക്ക് രണ്ടിന് അറസ്റ്റ് രേഖപ്പെടുത്തി രാത്രി എട്ടോടെ കോടതിയില്‍ ഹാജരാക്കിയെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, മഹസര്‍ റിപ്പോര്‍ട്ടില്‍ 25ന് ഉച്ചക്കുശേഷം മൂന്നിന് കസ്റ്റഡിയിലായെന്നാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഹരജിക്കാരന്റെ സ്വാതന്ത്ര്യം അവിടെ തടയപ്പെട്ടിരിക്കുകയാണെന്ന് നിരീക്ഷിച്ചു.
കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനകം അറസ്റ്റ് ചെയ്തയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ടിയിരുന്നു. അതിനാല്‍, ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് വിലയിരുത്തിയ കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
സുപ്രീം കോടതിയുടെ അടക്കം ഉത്തരവുകള്‍ പരാമര്‍ശിച്ചാണ് സിങ്കിള്‍ ബെഞ്ചിന്റെ നിരീക്ഷണം.വിഷയം പരിശോധിക്കാന്‍ നിയമ വിദ്യാര്‍ഥികളായ നിഖിന തോമസ്, നേഹ ബാബു എന്നിവരെ അമിക്കസ് ക്യൂറിയായും കോടതി നിയമിച്ചിരുന്നു.
