ഹിന്ദിയോട് എതിര്‍പ്പെങ്കില്‍ തമിഴ് പടം ഡബ്ബ് ചെയ്ത് ഹിന്ദിയില്‍ ഇറക്കുന്നത് എന്തിന്?: പവന്‍ കല്ല്യാണ്‍

ഹൈദരാബാദ്: ദേശീയതലത്തില്‍ ഉയര്‍ന്നുവരുന്ന ഭാഷ വിവാദത്തില്‍ തമിഴ് രാഷ്ട്രീയ നേതാക്കളെ വിമര്‍ശിച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്ല്യാണ്‍ രംഗത്ത്. ഹിന്ദിക്കെതിരായി തമിഴ്നാട് സര്‍ക്കാര്‍ അടക്കം നടത്തുന്ന പ്രതിഷേധം കാപട്യമാണെന്നാണ് വെള്ളിയാഴ്ച പവന്‍ കല്ല്യാണ്‍ ആരോപിച്ചത്. കേന്ദ്ര സര്‍ക്കാറിന്‍റെ ത്രിഭാഷ പദ്ധതിക്കെതിരെ തമിഴ്നാട്ടില്‍ വലിയ പ്രതിഷേധം അരങ്ങേറുമ്പോഴാണ് എന്‍ഡിഎ ഘടകകക്ഷിയായ ജനസേന നേതാവിന്‍റെ പ്രതികരണം വരുന്നത്. തമിഴ്നാട്ടിലെ നേതാക്കൾ ഹിന്ദിയെ എതിർക്കുമ്പോൾ സാമ്പത്തിക നേട്ടത്തിനായി തമിഴ് സിനിമകൾ ആ ഭാഷയിലേക്ക് ഡബ്ബ് ചെയ്യാൻ അനുവദിക്കുന്നുവെന്ന് പവന്‍ കല്ല്യാണ്‍ ചൂണ്ടിക്കാട്ടി. “ചിലർ സംസ്‌കൃതത്തെ വിമർശിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാർ സാമ്പത്തിക നേട്ടത്തിനായി അവരുടെ സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യാൻ അനുവദിക്കുമ്പോൾ ഹിന്ദിയെ എതിർക്കുന്നത് എന്തുകൊണ്ടാണ്? ബോളിവുഡിൽ നിന്ന് പണം ആഗ്രഹിക്കുന്ന അവർക്ക് ഹിന്ദി സ്വീകരിക്കാൻ വിസമ്മതിക്കുന്നു – അത് എന്ത് തരത്തിലുള്ള യുക്തിയാണ്?” കാക്കിനടയിലെ ജനസേന പാര്‍ട്ടിയുടെ 12-ാം സ്ഥാപക ദിനത്തിൽ പ്രസംഗിക്കവേ പവന്‍ കല്യാൺ ചോദിച്ചു. കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് ആരോപിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ ഫോർമുല നടപ്പാക്കാൻ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് പവന്‍ കല്യാണിന്റെ പരാമർശം. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ തന്‍റെ പ്രസംഗത്തില്‍ പരാമര്‍ശിച്ച പവന്‍ കല്യാൺ, രാജ്യത്തിന് രണ്ട് പ്രബല ഭാഷകളല്ല, തമിഴ് ഉൾപ്പെടെ ഒന്നിലധികം ഭാഷകൾ ആവശ്യമാണെന്ന് പറഞ്ഞു. “രണ്ടെണ്ണമല്ല, തമിഴ് ഉൾപ്പെടെ ഒന്നിലധികം ഭാഷകൾ ഇന്ത്യയ്ക്ക് ആവശ്യമാണ്. നമ്മുടെ രാജ്യത്തിന്‍റെ അഖണ്ഡത നിലനിർത്താൻ മാത്രമല്ല, ജനങ്ങൾക്കിടയിൽ സ്നേഹവും ഐക്യവും വളർത്തിയെടുക്കാനും നാം ഭാഷാ വൈവിധ്യം സ്വീകരിക്കണം” പവന്‍ കല്യാൺ പറഞ്ഞു.
