National

അനധികൃതമായി ട്രെയിൻ ടിക്കറ്റ് കൈവശപ്പെടുത്തി വിൽക്കുന്നത് സാമൂഹ്യ കുറ്റകൃത്യം: കേസ് പുനസ്ഥാപിച്ച് സുപ്രീംകോടതി

ദില്ലി: അനധികൃതമായി ട്രെയിൻ ടിക്കറ്റുകൾ കൈവശം വെച്ച് വിൽപ്പന നടത്തുന്നത് സാമൂഹ്യ കുറ്റകൃത്യമാണെന്ന് സുപ്രീം കോടതി. ദേശീയ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതിനാൽ അതവസാനിപ്പിക്കണമെന്നും ക്രിമിനൽ നടപടികളെടുക്കണമെന്നും സുപ്രീം കോടതി നിർദേശം നൽകി.  ഇ-ടിക്കറ്റുകൾ കൈവശപ്പെടുത്തിയതും വിതരണം ചെയ്തതും സംബന്ധിച്ച് അപ്പീലുകളിലാണ് ജസ്റ്റിസ് ദീപങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന്‍റെ മുന്നിലെത്തിയത്. ഇന്ത്യൻ റെയിൽവേ നമ്മുടെ രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രധാന ശിലയാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതിവർഷം 673 കോടി യാത്രക്കാർ സഞ്ചരിക്കുന്ന, രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുന്ന സംവിധാനമാണ് റെയിൽവെ. ടിക്കറ്റിംഗ് സംവിധാനത്തിന്‍റെ സമഗ്രതയും സ്ഥിരതയും തകർക്കാനുള്ള ഏതൊരു ശ്രമവും തടയണമെന്നും കോടതി വ്യക്തമാക്കി.  ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് റെയിൽവേ ടിക്കറ്റ് തട്ടിപ്പ് സംബന്ധിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. അനധികൃത ടിക്കറ്റ് വിൽപ്പനയ്ക്ക് പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന 1989 ലെ റെയിൽവേ നിയമത്തിലെ 143-ാം വകുപ്പിനെ ചൊല്ലിയായിരുന്നു അപ്പീൽ. മാത്യു കെ ചെറിയാൻ എന്ന വ്യക്തിക്കെതിരെ ചുമത്തിയ 143-ാം വകുപ്പ് പ്രകാരമുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ആദ്യ അപ്പീൽ. അംഗീകൃത ഏജന്‍റല്ലാത്ത മാത്യു കെ ചെറിയാൻ, നൂറുകണക്കിന് വ്യാജ യൂസർ ഐഡികൾ ഉണ്ടാക്കി ട്രെയിൻ ടിക്കറ്റുകൾ വിറ്റെന്നാണ് ആരോപണം. ഹൈക്കോടതി കുറ്റം റദ്ദാക്കിയെങ്കിലും സുപ്രീം കോടതി പ്രതിക്കെതിരായ നടപടികൾ പുനസ്ഥാപിച്ചിരിക്കുകയാണ്. റെയിൽവെയുടെ അംഗീകൃത ഏജന്റല്ലാത്ത മാത്യു 1989ലെ റെയിൽവേ നിയമത്തിലെ 143-ാം വകുപ്പ് പ്രകാരമുള്ള നടപടികൾ നേരിടണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഇ-ടിക്കറ്റിംഗ് യാത്രക്കാരുടെ സൗകര്യത്തിന് വേണ്ടിയാണെന്ന് കോടതി നിരീക്ഷിച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button