KeralaNationalSpot light

പാസ്‍പോർട്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ വരുന്നൂ; പുതിയ ചട്ടം ബാധകമാവുന്നത് കുട്ടികൾക്ക്

ദില്ലി: പാസ്പോർട്ട് അപേക്ഷാ നടപടികളിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2023 ഒക്ടോബ‍ർ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ചവർക്ക് ഇനി പാസ്‍പോർട്ട് അപേക്ഷയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇവരുടെ ജനന തീയ്യതി തെളിയിക്കാൻ മറ്റൊരു രേഖയും സ്വീകാര്യമല്ലെന്നാണ് അറിയിപ്പ്. ജനന തീയ്യതി കൃത്യമായി ഉറപ്പുവരുത്താനും ഏകീകരിക്കാനും രേഖകളിലെ കൃത്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നടപടി. ഏതാനും ദിവസം മുമ്പ് പ്രഖ്യാപിച്ച പുതിയ ചട്ടം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും. ഫെബ്രുവരി 24ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് പാസ്‍പോർട്ട് അപേക്ഷയോടൊപ്പം ജനന തീയ്യതി തെളിയിക്കുന്നതിന് സമർപ്പിക്കേണ്ട രേഖകളുടെ കാര്യത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ജനന സർട്ടിഫിക്കറ്റോ 1969ലെ ജനന – മരണ രജിസ്ട്രേഷൻ നിയമം അനുസരിച്ച് അധികാരപ്പെടുത്തിയ സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റോ മാത്രമായിരിക്കും പാസ്പോർട്ട് അപേക്ഷകൾക്ക് ജനന തീയ്യതി സ്ഥിരീകരിക്കുന്നതിനായി സ്വീകരിക്കുന്നത്.  അതേസമയം 2023 ഒക്ടോബർ ഒന്നിന് മുമ്പ് ജനിച്ചവർക്ക് പുതിയ നിബന്ധന ബാധകമല്ല. ഇവർക്ക് മറ്റ് രേഖകളും ജനന തീയ്യതി സ്ഥിരീകരണത്തിന് ഉപയോഗിക്കാം. അംഗീകൃത സ്കൂൾ സർട്ടിഫിക്കറ്റോ ട്രാൻസ്ഫർ സർഫിക്കറ്റോ, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, സർവീസ് റെക്കോർഡിന്റെ എക്സ്ട്രാക്ട് തുടങ്ങിയവയൊക്കെ ജനന തീയ്യതിയ്ക്കുള്ള തെളിവായി അംഗീകരിക്കും. വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കാനായി അവരുടെ സ്ഥിര മേൽവിലാസം ഇനി പാസ്പോർട്ടിന്റെ അവസാന പേജിൽ പ്രിന്‍റ് ചെയ്യില്ല. പകരം ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് പാസ്പോർട്ടിലെ ബാർകോഡ് സ്കാൻ ചെയ്ത് വിലാസം മനസിലാക്കാനാവും. പാസ്‍പോർട്ടുകളുടെ നിറങ്ങളിലും പുതിയ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. സാധാരണ വ്യക്തികൾക്ക് നിലവിലുള്ള നീല പാസ്‍പോർട്ടുകൾ തന്നെ തുടർന്നും ലഭിക്കും. നയതന്ത്ര ഉദ്യോഗസ്ഥർക്ക് ചുവന്ന നിറത്തിലുള്ള പാസ്‍പോർട്ടുകളും സർക്കാർ പ്രതിനിധികൾക്ക് വെള്ള പാസ്പോർട്ടുകളുമായിരിക്കും നൽകുക. Read Also – എയർപോർട്ടിലെത്തി പോക്കറ്റിൽ നോക്കിയപ്പോൾ പാസ്പോർട്ട് ഇല്ല; കുടുങ്ങിയത് 2 ദിവസം, ഒടുവിൽ പ്രവാസിക്ക് മോചനം പാസ്പോർട്ടിലെ അവസാന പേജിൽ നിന്ന് മാതാപിതാക്കളുടെ പേരുകൾ നീക്കം  ചെയ്യുന്നതാണ് മറ്റൊരു പ്രധാന മാറ്റം. സാധാരണ ഗതിയിൽ ആവശ്യമില്ലാത്ത ഇത്തരം വിവരങ്ങൾ നീക്കുന്നതോടെ വേർപിരിഞ്ഞ് ജീവിക്കുന്ന ദമ്പതികളുടെ മക്കളുടെ കാര്യത്തിൽ സഹായകമാവുമെന്ന നിലയ്ക്കാണ് മാറ്റം കൊണ്ടുവരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button