EducationKeralaSpot light

എയ്ഡഡ് സ്കൂളുകളിൽ 56 വയസിനുള്ളിലുള്ളവർക്കും അധ്യാപകരാകാം; മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കി സർക്കാർ

മലപ്പുറം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 56 വയസിനുള്ളിലുള്ളവരെയും ദിവസ വേതനാടിസ്ഥാനത്തിൽ  അധ്യാപകരായി നിയമിക്കാവുന്നതാണെന്ന് സർക്കാർ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ സ്ഥിരം നിയമനത്തിന് അപേക്ഷിക്കാവുന്ന പ്രായം കഴിഞ്ഞാൽ ദിവസവേതനാടി സ്ഥാനത്തിൽ പോലും അധ്യാപകരെ നിയമിക്കാറില്ല.  സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ സർക്കാർ സർവീസിൽ നിന്നും വിരമിച്ച 70 വയസായവർക്ക് വരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നൽകുമ്പോൾ 43 വയസ് കഴിഞ്ഞതിന്റെ പേരിൽ അധ്യാപക നിയമനം  നിഷേധിക്കപ്പെട്ട 6 പേർ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. വിവേചനം പുന:പരിശോധിക്കാൻ കമ്മീഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇളവ് അനുവദിക്കുന്ന കാര്യത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനെ അറിയിച്ചു.  തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ചു പരാതികാർക്ക് അനുകൂലമായി ഉത്തരവിറക്കി. ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവരെ ആവശ്യമെങ്കിൽ അക്കാദമിക് വർഷത്തിലെ അവസാന പ്രവൃത്തി ദിവസം വരെയും  തുടരാൻ അനുവദിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ സ്വദേശി കെ. സനൽകുമാറിന്റെ നേതൃത്വത്തിൽ സമർപ്പിച്ച പരാതി കമ്മീഷൻ തീർപ്പാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button