വെടിയുണ്ട ചട്ടിയിൽ ഇട്ട് ചൂടാക്കിയ സംഭവം; റിപ്പോർട്ട് കൈമാറി, ‘വെടിയുണ്ടകൾ സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥനു വീഴ്ച’

കൊച്ചി: എറണാകുളം എആർ ക്യാമ്പിൽ വെടിയുണ്ട ചട്ടിയിൽ ഇട്ട് ചൂടാക്കിയ സംഭവത്തിൽ റിപ്പോർട്ട് കൈമാറി. കൊച്ചി കമ്മീഷണർക്ക് റിപ്പോർട്ട് കൈമാറിയതായി എആർ ക്യാമ്പ് കമാന്റെന്റ് അറിയിച്ചു. വെടിയുണ്ടകൾ സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥനു വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടിയുണ്ടാകുമെന്ന് കമ്മീഷണർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ക്ലാവ് പിടിച്ച വെടിയുണ്ട ചൂടാക്കാൻ ചട്ടിയിലിട്ടു വറുത്തെടുക്കുകയായിരുന്നു പൊലീസുകാരൻ. ഇതോടെ എറണാകുളം എആർ ക്യാംപിന്റെ അടുക്കളയിൽ സ്ഫോടനമുണ്ടാവുകയായിരുന്നു. മാർച്ച് 10നാണ് സ്ഫോടനം നടന്നത്. ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ സംസ്കാരച്ചടങ്ങുകൾക്കായി വെടിയുണ്ടകൾ തയ്യാറാക്കുമ്പോഴാണ് സംഭവം. ആചാരവെടികൾക്കായി ഉപയോഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷൻ വെയിലത്ത് വച്ച് ചൂടാക്കിയ ശേഷമാണ് സാധാരണ നിലയിൽ ഉപയോഗിക്കാറുള്ളത് എന്നാൽ സംസ്കാര ചടങ്ങിന് മുന്നോടിയായി വെടിയുണ്ടകൾ ചൂടാക്കി വച്ചിരുന്നില്ല. ഇതിനാൽ പെട്ടന്ന് ചൂടാക്കിയെടുക്കാനാണ് ഉദ്യോഗസ്ഥൻ ബ്ലാങ്ക് തിരകൾ ക്യാംപിലെ മെസിലെ അടുക്കളയിലെത്തിച്ച് ചട്ടിയിലിട്ട് വറുത്തത്. ആചാര വെടികൾക്കായി ഉപയോഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷൻ തയ്യാറാക്കുന്നത് പിച്ചള കാട്രിജിനുള്ളിൽ വെടിമരുന്ന് നിറച്ചാണ് കാട്രിജിൽ നിന്ന് വേർപെട്ട് പോവുന്ന ഈയ ഭാഗം ബ്ലാങ്ക് അമ്യൂണിഷനിൽ ഉണ്ടാവാറില്ല. അതിനാൽ കാഞ്ചി വലിക്കുമ്പോൾ ശബ്ദവും തീയും പുകയും മാത്രമേ ഉണ്ടാകൂ. വെടിമരുന്നിന് തീ പിടിച്ചതോടെ ഉണ്ടകൾ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടറും വിറകും ഉൾപ്പെടെ സൂക്ഷിച്ചിരുന്ന അടുക്കളയിൽ വച്ചാണ് സ്ഫോടനം ഉണ്ടായത്. ക്യാംപിൽ വൻ തീപിടിത്തം തലനാരിഴയ്ക്കാണ് ഒഴിവായത്. ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും വീടുകളുമുള്ള തിരക്കേറിയ മേഖലയിലാണ് ഗുരുതരമായ സുരക്ഷാവീഴ്ചയെന്നതാണ് ശ്രദ്ധേയം
