മാസ്റ്റേഴ്സ് ലീഗിലെ 20-20 ത്രില്ലർ ആവേശ പോരില്‍ വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ


ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ടി20 യിലെ ആവേശപ്പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെ ഏഴ് റൺസിന് തോൽപ്പിച്ച് ഇന്ത്യ മാസ്റ്റേഴ്സ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മാസ്റ്റേഴ്സ് നിശ്ചിത 20 ഓവറുകളിൽ 253/3 എന്ന പടുകൂറ്റൻ സ്കോർ നേടിയപ്പോൾ, വെസ്റ്റിൻഡീസിന്റെ മറുപടി 246/6 ൽ ഒതുങ്ങി. ഇന്ത്യക്ക് വേണ്ടി യുവരാജ് സിങും, അമ്പാട്ടി റായുഡുവും, ഗുർകീരതും, സൗരഭ് തിവാരിയും വെടിക്കെട്ട് ബാറ്റിങ് കാഴ്ച വെച്ചു.
റായ്പൂരിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് മാസ്റ്റേഴ്സ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സച്ചിൻ ടെണ്ടുൽക്കറുടെ അഭാവത്തിൽ യുവരാജ് സിങ്ങാണ് ഇന്ത്യയെ നയിച്ചത്. സൗരഭ് തിവാരിയും അമ്പാട്ടി റായുഡും ചേർന്നാണ് ഇന്ത്യൻ ബാറ്റിങ് ഓപ്പൺ ചെയ്തത്. ഇരുവരും വെടിക്കെട്ട് ബാറ്റിങ് കാഴ്ച വെച്ചതോടെ ഇന്ത്യൻ സ്കോർ അതിവേഗം കുതിച്ചുകയറി. ആദ്യ വിക്കറ്റിൽ 94 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. റായുഡുവാണ് ആദ്യം പുറത്തായത്. 35 പന്തിൽ എട്ട് ഫോറുകളും നാല് സിക്സറുകളുമടക്കം 63 റൺസ് താരം നേടി.
മൂന്നാം നമ്പരിൽ ഇറങ്ങിയ ഗുർകീരത് സിങ് 21 പന്തിൽ നാല് ഫോറുകളും മൂന്ന് സിക്സറുകളുമടക്കം 46 റൺസ് നേടി. സൗരഭ് തിവാരിയാകട്ടെ 37 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്സറുകളും സഹിതം 60 റൺസാണ് സ്കോർ ചെയ്തത്. അഞ്ചാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ യുവരാജ് സിങ് കാണികളെ ശരിക്കും ത്രില്ലടിപ്പിച്ചു. വെറും 20 പന്തുകളിൽ 49 റൺസെടുത്ത് അദ്ദേഹം പുറത്താകാതെ നിന്നു. ആറ് ഫോറുകളും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു യുവിയുടെ വെടിക്കെട്ട്. അവസാന ഓവറുകളിൽ യുവി അഴിഞ്ഞാടിയതോടെ ഇന്ത്യ 253/3 എന്ന പടുകൂറ്റൻ സ്കോറിലെത്തി.
രണ്ടാം വിക്കറ്റായി സിമ്മൺസ് പുറത്താകുമ്പോൾ വിൻഡീസ് സ്കോർ 169 ൽ എത്തിയിരുന്നു. എന്നാൽ പിന്നീട് ഇന്ത്യ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു. 34 പന്തിൽ 79 റൺസ് നേടിയ ഓപ്പണർ ഡ്വെയിൻ സ്മിത്ത്, ജൊനാഥൻ കാർട്ടർ, കിർക് എഡ്വേഡ്സ് എന്നിവർ അടുത്തടുത്ത് വീണതോടെ ഇന്ത്യ പിടിമുറുക്കി. അവസാന ഓവറുകളിൽ ആഷ്ലി നേഴ്സ് വെടിക്കെട്ട് ബാറ്റിങ് കാഴ്ച വെച്ചെങ്കിലും വിൻഡീസിനെ ജയത്തിലേക്ക് എത്തിക്കാനായില്ല.