Sports

ഇന്ത്യക്ക് അടി കനത്തില്‍ കിട്ടി! ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തിരിച്ചടി, പോയന്റ് പട്ടികയില്‍ ഓസീസ് ഒന്നാമത്

ദുബായ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയോട് 10 വിക്കറ്റിന് തോറ്റതോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം വീണ്ടെടുക്കുകയും ചെയ്തു. ഒന്നാം ഇന്നിംഗ്സില്‍ 157 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 175ന് എല്ലാവരും പുറത്തായി. കേവലം 19 റണ്‍സിന്റെ വിജലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഓസീസ് 3.2 ഓവറില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍ ഇന്ത്യ 180 & 175, ഓസ്‌ട്രേലിയ 337 & 19. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പമെത്തി. പെര്‍ത്ത് ടെസ്റ്റിലെ തോല്‍വിയോടെ നേരത്തെ മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നു ഓസീസ്. എന്നാല്‍ ഇത്തവണ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനായി. 60.71 പോയന്റ് ശതമാണ് ഓസീനുള്ളത്. 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് ഒമ്പത് ജയവും നാല് തോല്‍വിയും ഒരു സമനിലയുമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ പോയന്റ് ശതമാനം 57.29 ആണ്. 16 മത്സരങ്ങള്‍ ഇന്ത്യ കളിച്ചപ്പോള്‍ 9 എണ്ണം ജയിച്ചു. ആറ് തോല്‍വിയും ഒരു സമനിലയും. അതേസമയം, ദക്ഷിണാഫ്രിക്ക രണ്ടാമത് തുടരുന്നു. ഒമ്പത് മത്സരങ്ങള്‍ കളിച്ച ടീം അഞ്ച് ജയം സ്വന്തമാക്കി. ഒരു സമനിലയും മൂന്ന് തോല്‍വിയും അക്കൗണ്ടിലുണ്ട്. 59.26 പോയന്റ് ശതമാനമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയെ തോല്‍പ്പിക്കാനായാല്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തേക്ക് കയറും. ശ്രീലങ്ക നാലാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ അവര്‍ തോറ്റിരുന്നു. 10 മത്സരം കളിച്ച ശ്രീലങ്ക അഞ്ചെണ്ണം ജയിച്ചു. അഞ്ച് തോല്‍വിയും. 50.00 പോയന്റ് ശതമാനം. ഇംഗ്ലണ്ട് (45.24), ന്യൂസിലന്‍ഡ് (44.23) എന്നിവര്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍. ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റും തോറ്റത് കിവീസിന് കനത്ത തിരിച്ചടിയായി. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇംഗ്ലണ്ടിന്റെയും ന്യൂസിലന്‍ഡിന്റെയും പോയന്റുകള്‍ വെട്ടിക്കുറച്ചിരുന്നു. അതും ടീമിന് തിരിച്ചടിയായി. പാകിസ്ഥാന്‍, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ യഥാക്രമം ഏഴ് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളില്‍.  രണ്ട് ഇന്നിംഗ്‌സിലും ഇന്ത്യക്ക് 200 കടക്കാനായില്ല, അഞ്ചെടുത്ത് കമ്മിന്‍‌സ്! ഓസീസിന്‍റെ ജയം 10 വിക്കറ്റിന് ഓസ്‌ട്രേലിയയില്‍ നാല് ടെസ്റ്റുകള്‍ ജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് മറ്റു ടീമുകളുടെ ആശ്രയമില്ലാതെ ലോക ടെസ്റ്റ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്താന്‍ സാധിക്കൂ. ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളും ഇന്ത്യക്ക് ജയിക്കേണ്ടതുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ ജയിക്കുക ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഓസീസ് പര്യടനത്തിന് ശേഷം ഇന്ത്യക്ക് മറ്റു പരമ്പരകള്‍ ഒന്നും തന്നെയില്ല. ഓസീസിന്, ശ്രീലങ്കന്‍ പര്യടനം ബാക്കിയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button