Sports

ഇന്ത്യ-പാക് ചാംപ്യന്‍സ് ട്രോഫി പോര്: ലക്ഷത്തിലധികം വിലയുള്ള ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത് നിമിഷനേരം കൊണ്ട്

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത് നിമിഷങ്ങള്‍ക്കകം. 23ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യ തങ്ങളുടെ എല്ലാ മത്സരങ്ങളും ദുബായില്‍ കളിക്കാന്‍ തീരുമാനിച്ചിരുന്നതിനാല്‍, ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. 2,000 ദിര്‍ഹവും (ഏകദേശം 48,000 രൂപ) 5,000 ദിര്‍ഹവും (1,18,562.40) വിലയുള്ള പ്രീമിയം ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളതാണ് ക്ഷണനേരം കൊണ്ട് വിറ്റഴിഞ്ഞത്. സെമി ഫൈനല്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകള്‍ ഫെബ്രുവരി മൂന്നിന് വൈകുന്നേരം 5:30 മുതല്‍ ലഭ്യമായിരുന്നു. ടി20 പരമ്പരയിലെ പ്രകടനം ഗുണമായി, ഇന്ത്യയുടെ ഏകദിന ടീമില്‍ ഒരു മാറ്റം; ഒരു സ്പിന്നര്‍ കൂടി സ്‌ക്വാഡില്‍ ഏറ്റവും കുറഞ്ഞ വിലയുള്ള ജനറല്‍ ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. 125 ദിര്‍ഹമാണ് (2,965.43 രൂപ) ടിക്കറ്റ് വില. ഐസിസി ഓദ്യോഗിക സൈറ്റ് വഴി ടിക്കറ്റുകള്‍ ലഭിക്കും. അതേസമയം, മറ്റ് ഗ്യാലറി സ്റ്റാന്‍ഡുകളുടെ വില അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സെമി ഫൈനല്‍ ഫലത്തെ ആശ്രയിച്ച് ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ പിന്നീട് തീരുമാനിക്കും. ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യ – പാകിസ്ഥാന്‍ മത്സരം 23ന് നടക്കും. മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും നടക്കും. ഉദ്ഘാടനച്ചടങ്ങും ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടും വാര്‍ത്താസമ്മേളനവും ഒഴിവാക്കാന്‍ ഐസിസിയും പാക് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാള്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button