ഐപിഎല്‍ ഓറഞ്ച് ക്യാപ്: സഞ്ജു ആദ്യ 10ൽ നിന്ന് പുറത്ത്, വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി ചെന്നൈ താരം

ചെന്നൈ: ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ നിന്ന് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസൺ പുറത്ത്. ഇന്നലെ ചെന്നൈക്കായി രചിന്‍ രവീന്ദ്രയും ആര്‍സിബിക്കായി വിരാട് കോലിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെയാണ് സഞ്ജു ആദ്യ പത്തില്‍ നിന്ന് പുറത്തായത്. രണ്ട് കളികളില്‍ 79 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ പന്ത്രണ്ടാം സ്ഥാനത്താണ് സഞ്ജു. രണ്ട് കളികളില്‍ 145 റണ്‍സുമായി നിക്കോളാസ് പുരാനാണ് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത്. മിച്ചല്‍ മാര്‍ഷ്(124), ട്രാവിസ് ഹെഡ്(114), ഇഷാന്‍ കിഷന്‍(106) എന്നിവര്‍ ആദ്യ നാലു സ്ഥാനങ്ങളിലുള്ളപ്പോള്‍ ഇന്നലെ ആര്‍സിബിക്കെതിരെ 41 റണ്‍സടിച്ച രചിന്‍ രവീന്ദ്ര 106 റണ്‍സുമായി അഞ്ചാം സ്ഥാനത്തെത്തി. രാജസ്ഥാന്‍ റോയൽസ് താരം ധ്രുവ് ജുറെല്‍(103), കൊല്‍ക്കത്ത താരം ക്വിന്‍റണ്‍ ഡി കോക്ക്(101), ശ്രേയസ് അയ്യര്‍(97)എന്നിവര്‍ക്കൊപ്പം ഇന്നലെ 31 റണ്‍സടിച്ച വിരാട് കോലിയും(90) ആദ്യ പത്തിലെത്തിയതാണ് പ്രധാനമാറ്റം. ഐപിഎല്‍: ആദ്യ ജയത്തിനായി മുംബൈയും ഗുജറാത്തും നേര്‍ക്കുനേര്‍, ഹാര്‍ദ്ദിക് നായകനായി തിരിച്ചെത്തും വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്ന ഷാര്‍ദ്ദുല്‍ താക്കൂറിനെ പിന്തള്ളി നൂര്‍ അഹമ്മദ് ഒന്നാം സ്ഥാനത്തെത്തിയതാണ് പ്രധാന മാറ്റം. രണ്ട് മത്സരങ്ങളില്‍ ഏഴ് വിക്കറ്റുമായാണ് നൂര്‍ അഹമ്മദ് ഒന്നാമത് എത്തിയത്. ആറ് വിക്കറ്റുമായി ഷാര്‍ദ്ദുല്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇന്നലെ ചെന്നൈക്കെതിരെ ആര്‍സിബിക്കായി മൂന്ന് വിക്കറ്റെടുത്ത ജോഷ് ഹേസല്‍വുഡ് അഞ്ച് വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ഖലീല്‍ അഹമ്മദും യാഷ് ദയാലുമാണ് ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങള്‍. ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 17 വര്‍ഷം തകരാതെ കാത്ത ചെപ്പോക്കിലെ ചെന്നൈയുടെ കോട്ട തകര്‍ത്താണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കം മുതല്‍ അടിതെറ്റിയ ചെന്നൈയുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146റണ്‍സില്‍ അവസാനിച്ചിരുന്നു. 41 റണ്‍സെടുത്ത രച്ചിന്‍ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ചെന്നൈക്കായി എട്ടാമനായി ക്രീസിലിറങ്ങിയ ധോണി രണ്ട് സിക്സും മൂന്ന് ഫോറും പറത്തി 15 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്നു.
