അമൃതം പൊടി വിഷമോ? എല്ലാമറിഞ്ഞിട്ടും മിണ്ടാത്ത ഉദ്യോഗസ്ഥര്‍, ഭക്ഷ്യ കമ്മീഷൻ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

കൊല്ലം: ഗുണനിലവാരമില്ലാത്ത അമൃതം ന്യൂട്രിമിക്സ് വിതരണം നടത്തുന്നതായി ബന്ധപ്പെട്ട പരാതികളിൽ നടപടികളുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ. കമ്മീഷനിൽ പരാതി ലഭിച്ചതിന്റ അടിസ്ഥാനത്തിലാണ് ഇന്നലെ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‍സൺ ഡോ.ജിനു സഖറിയ ഉമ്മൻ, അംഗം അഡ്വ.സബിദാ ബീഗം എന്നിവര്‍ കൊല്ലം ജില്ലയിലുളള അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകളിൽ പരിശോധന നടത്തിയത്. കൊല്ലം ജില്ലയിലെ തഴവ ഭാഗത്തുളള ന്യൂട്രിമിക്സ് യൂണിറ്റുകൾ, പരിശോധനാ സമയം അടഞ്ഞുകിടക്കുകയായിരുന്നു തുടർന്ന് മണപ്പളളി ഭാഗത്തുളള ബയോവിറ്റ അമൃതം ന്യൂട്രിമിക്സ് ഭക്ഷ്യ കമ്മീഷൻ പരിശോധിച്ചു. പരിശോധനയിൽ പ്രസ്തുത യൂണിറ്റ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. 3 വയസ്സു മുതൽ 6 വയസ്സുവരെയുളള കുട്ടികൾക്ക് നൽകുന്ന പോഷകാഹാരം നൽകുന്ന സ്ഥാപനത്തിൽ പ്രാഥമികമായ വൃത്തിയാക്കലുകൾ പോലും നടക്കുന്നില്ലെന്ന് കണ്ടെത്തി. സാമ്പിളുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തേണ്ട അടിയന്തിര ഇടപെടലുകൾ നടത്തിപ്പുകാരായ കുടുംബശ്രീയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇതെല്ലാം അതീവഗുരുതരമായ വീഴ്ചയാണെന്നും വിഷയത്തിൽ ശക്തമായ നടപടികൾ ആവശ്യമാണെന്നും സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‍സൺ വ്യക്തമാക്കി. സാമ്പിൾ പരിശോധിച്ച ലാബ് റിപ്പോർട്ട് പ്രകാരം, സ്ഥാപനത്തിൽ നിന്ന് വിതരണം നടത്തിയ ഭക്ഷ്യ വസ്തുക്കൾ(അമൃതംപെടി) സുരക്ഷിതമല്ലെന്ന് അറിഞ്ഞിട്ടും അധികാരികൾ നാളിതുവരെയായിട്ടും തുടർനടപടികൾ ഒന്നും തന്നെ എടുത്തിട്ടില്ല എന്നത് അതീവ ഗുരുതരമായ അവസ്ഥയാണെന്ന് കമ്മീഷൻ വിലയിരുത്തി. കഴിഞ്ഞ ശനിയാഴ്ച പൊടിച്ച് മിക്സ് ചെയ്ത അമൃതംപൊടി നാലു ദിവസമായിട്ടും പായ്ക്ക് ചെയ്യാത്ത അവസ്ഥയിൽ ഇരിക്കുന്നു. സ്ഥാപനത്തിന്റെ മേൽക്കൂരയിൽ മാറാലകൾ പറ്റിപ്പിടിച്ചിരിക്കുന്നത് വൃത്തിയാക്കാതെ ഇരിക്കുന്നത് അനുവദനീയമല്ല. സ്റ്റോക്ക് ചെയ്തിരിക്കുന്ന ഭക്ഷ്യ ധാന്യങ്ങൾ പരിശോധിച്ചതിൽ നിന്ന് വർഷങ്ങളായി ഒരേ സ്ഥാപനത്തിൽ നിന്നാണ് ധാന്യങ്ങൾ വാങ്ങുന്നത് എന്നും കൃത്യമായ ഗുണനിലവാരം കാണുന്നില്ലായെന്നത് മനസിലായി. തുടർന്ന് ധാന്യങ്ങളുടെയും അമൃതംപൊടിയുടെയും സാമ്പിളുകൾ ഫുഡ് സേഫ്റ്റി അധികൃതർ പരിശോധനയ്ക്കായി ശേഖരിച്ചു. സ്ഥാപനത്തിന്റെ മേൽനോട്ട ചുമതലയുളള കുടുംബശ്രീയുടെ അധികാരികളെ ഭക്ഷ്യ കമ്മീഷൻ അംഗമായ അഡ്വ.സബിദാ ബീഗം നേരിട്ട് വിളിച്ചിട്ടും പരിശോധന കഴിഞ്ഞിട്ടും ആരും തന്നെ സ്ഥാപനത്തിൽ വന്നില്ല. സ്ഥാപനത്തിന്റെ പ്രവർത്തനം ഈ രീതിയിൽ മുന്നോട്ട് പോകുന്നത് ശരിയല്ലായെന്നും ശുചിത്വവും നിർമ്മാണവും സംബന്ധിച്ച സർക്കാർ മാനദണ്ഡം കൃത്യമായി പാലിച്ച് സ്ഥാപനം നടത്തേണ്ടതാണെന്ന് ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്‍സൺ സ്ഥാപന നടത്തിപ്പുക്കാരെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്നും ഭക്ഷ്യ കമ്മീഷൻ അറിയിച്ചു. കൊല്ലം ജില്ലാ സപ്ലൈ ഓഫീസർ, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ, കൊല്ലം,ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ, തുടങ്ങിയ വിവിധ വകുപ്പ് ദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
