Health Tips

എച്ച്എംപിവി കൊവിഡിന് സമാനമോ? എത്രത്തോളം അപകടകാരി, ബാധിക്കുന്നത് ഏത് പ്രായക്കാരെ?

കൊവിഡ് 19നെ ഓര്‍മ്മിപ്പിക്കും വിധം ചൈനയില്‍ ശ്വാസകോശ സംബന്ധമായ അണുബാധയായ ഹ്യൂമൻ മെറ്റാപ്‌ ന്യൂമോവൈറസ് (HMPV) കേസുകള്‍ വർധിച്ചുവരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറസ് രാജ്യത്തുടനീളം അതിവേഗം പടരുന്നു, ഇത് ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളെ വളരെയധികം ബാധിക്കുമെന്ന ആശങ്ക സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നുമുണ്ട്. എന്നാല്‍, ചൈന ഇതുവരെ എച്ച്എംപിവിയെ പകർച്ചവ്യാധിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ ഇവ കൊവിഡിന് സമാനമായ സാഹചര്യം സൃഷ്ടിക്കുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനും കഴിയില്ല.  ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പശ്ചിമ പസഫിക് റീജിയൻ ഓഫീസിന്‍റെ (ഡബ്ല്യുപിആർഒ) കണക്കുകൾ പ്രകാരം ഡിസംബർ 16 മുതൽ 22 വരെ, ചൈനയിലുടനീളം അക്യൂട്ട് റെസ്പിറേറ്ററി അണുബാധകൾ വർദ്ധിച്ചതായി പറയുന്നു. സീസണൽ ഇൻഫ്ലുവൻസ, റിനോവൈറസ്, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV), എച്ച്എംപിവി എന്നിവ ഇതിൽ ഉൾപ്പെടുന്നു. റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, ചൈനയിൽ  പ്രത്യേകിച്ച് വടക്കൻ പ്രവിശ്യകളിലെ 14 വയസ്സിന് താഴെയുള്ള കുട്ടികളിൽ പ്രചരിക്കുന്ന എച്ച്എംപിവി കേസുകളില്‍ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് വൈറസ് ഇന്ത്യയിൽ എത്താൻ സാധ്യതയുള്ളതോ അല്ലെങ്കിൽ കൊവിഡ് 19 പാൻഡെമിക്കിന് സമാനമായ മറ്റൊരു പൊതുജനാരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നതോ ആയ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു.  എച്ച്എംപിവി എത്ര അപകടകരമാണ്? ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് എച്ച്എംപിവി. ഫ്ലൂ പോലുള്ള ലക്ഷണങ്ങൾക്ക് എച്ച്എംപിവി കാരണമാകുന്നു. എച്ച്എംപിവിയുടെ ലക്ഷണങ്ങൾ ഫ്ലൂ അല്ലെങ്കിൽ ജലദോഷം എന്നിവയ്ക്ക് സമാനമാണ്. ചുമ, തുമ്മൽ, ശ്വാസം മുട്ടൽ, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.  എച്ച്എംപിവി യെ കൊവിഡ് 19ൽ നിന്ന് വേർതിരിച്ചറിയാൻ പ്രത്യേക ലക്ഷണങ്ങളൊന്നുമില്ല, എന്നാൽ എച്ച്എംപിവിയും  മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകളും പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതിന് തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക, അടുത്ത സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. ഇതാദ്യമായല്ല എച്ച്എംപിവി റിപ്പോർട്ട് ചെയ്യുന്നത്. 2011 നും 2012 നും ഇടയിൽ യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിൽ വൈറസ് കേസുകൾ മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ, എച്ച്എംപിവി പൊട്ടിപ്പുറപ്പെട്ടിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിലെ (ഡിജിഎച്ച്എസ്) ഡോ. അതുൽ ഗോയൽ പറഞ്ഞു. ശ്വാസകോശ സംബന്ധമായ അണുബാധകൾക്കുള്ള പൊതുവായ മുൻകരുതലുകൾ ഉചിതമാണെന്നും അദ്ദേഹം പറയുന്നു.  ആർക്കാണ് ഏറ്റവും കൂടുതൽ അപകടസാധ്യത? എച്ച്എംപിവി എല്ലാ പ്രായത്തിലുമുള്ള ആളുകളിൽ ബാധിക്കാം. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.  അവരില്‍ ഇത് ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ ആയി മാറാനും സാധ്യതയുണ്ട്. ആസ്ത്മ, സിഒപിഡി അല്ലെങ്കിൽ എംഫിസെമ പോലുള്ള ശ്വാസകോശ രോഗങ്ങളുടെ ചരിത്രമുണ്ടെന്ന് പറഞ്ഞ് എച്ച്എംപിവി ബാധിക്കാനുള്ള സാധ്യത വർദ്ധിക്കില്ല. എന്നാല്‍ ഇവരില്‍ അണുബാധ പിടിപെട്ടുകഴിഞ്ഞാൽ ഇത് ലക്ഷണങ്ങളുടെ തീവ്രത വഷളാക്കും. കീമോതെറാപ്പിക്ക് വിധേയരായവരോ അവയവം മാറ്റിവയ്ക്കൽ നടത്തിയവരോ ഉൾപ്പെടെ, ദുർബലമായ പ്രതിരോധശേഷിയുള്ള വ്യക്തികൾക്കും ഇത് ബാധകമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button