എത്ര കഴുകിയിട്ടും വെളുത്തുള്ളിയുടെ ഗന്ധം മാറുന്നില്ലേ? എങ്കിൽ ഇങ്ങനെ ചെയ്യൂ

അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് വെളുത്തുള്ളി. ഭക്ഷണങ്ങൾ പാചകം ചെയ്യാനും കറികളുണ്ടാക്കാനും അച്ചാറിടാനുമൊക്കെ വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. ഭക്ഷണങ്ങൾക്ക് കൂടുതൽ സ്വാദ് ലഭിക്കാൻ വേണ്ടിയാണ് വെളുത്തുള്ളി ചേർക്കുന്നത്. കൂടാതെ ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. അതിനാൽ തന്നെ വെളുത്തുള്ളി എന്നും ഉപയോഗിക്കേണ്ടി വരുന്നു. വെളുത്തുള്ളിക്ക് ധാരാളം ഗുണങ്ങളുണ്ടെങ്കിലും ഇവയുടെ രൂക്ഷ ഗന്ധം അധികമാർക്കും ഇഷ്ടമില്ലാത്തതാണ്. ഭക്ഷണങ്ങൾക്ക് വെളുത്തുള്ളി കൂടുതൽ സ്വാദ് നൽകുമെങ്കിലും ഇതിന്റെ രൂക്ഷ ഗന്ധം കൈകളിൽ നിന്നും പെട്ടെന്ന് പോകില്ല. പലരും വെളുത്തുള്ളി കട്ടിങ് ബോർഡിലാണ് മുറിക്കാറുള്ളത്. ഒരിക്കൽ മുറിച്ചാൽ പിന്നെ ഇതിന്റെ ഗന്ധം അങ്ങനെ തന്നെ നിലനിൽക്കും. അത് ചിലപ്പോൾ കൈകൾ, കത്തി, പാത്രം എന്നിവയാകാം. സോപ്പ് ഉപയോഗിച്ച് കഴുകിയാലും ഇത് പോകാറില്ല. പാത്രങ്ങളിലും കൈകളിലും നിന്നുള്ള വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധത്തെ അകറ്റാൻ ഇത്രയും മാത്രം നിങ്ങൾ ചെയ്താൽ മതി. അവ എന്തൊക്കെയാണെന്ന് അറിയാം. പാത്രങ്ങളിൽ നിന്നും വെളുത്തുള്ളിയുടെ ഗന്ധമകറ്റാം 1. പാത്രങ്ങൾ ചൂട് വെള്ളത്തിൽ മുക്കിവയ്ക്കുന്നത് ദുർഗന്ധത്തെ എളുപ്പത്തിൽ ഇല്ലാതാക്കുന്നു. 2. കുറച്ച് സോപ്പ് പൊടി എടുത്തതിന് ശേഷം പാത്രത്തിലേക്ക് ഇട്ടുകൊടുക്കണം. അതേസമയം സോപ്പ് പൊടിയിടുമ്പോൾ വെള്ളം ചേർക്കാൻ പാടില്ല. സ്‌ക്രബർ ഉപയോഗിച്ച് നന്നായി പാത്രം ഉരക്കണം. ശേഷം ചൂട് വെള്ളം ഉപയോഗിച്ച് പാത്രം നന്നായി കഴുകിയെടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പാത്രത്തിലെ വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധം മാറിക്കിട്ടും. ഇനി ഇത്രയും ചെയ്തിട്ടും ഗന്ധം മാറിയില്ലെങ്കിൽ സോപ്പ് പൊടിക്ക് പകരം ഉപ്പും നാരങ്ങയും ഉപയോഗിക്കാം. പാത്രത്തിലേക്ക് കുറച്ച് ഉപ്പിട്ടതിന് ശേഷം നാരങ്ങ ഉപയോഗിച്ച് ഉരച്ച് കഴുകാം. ഇത് പാത്രത്തിലെ വെളുത്തുള്ളിയുടെ ഗന്ധത്തെ നീക്കം ചെയ്യാൻ സഹായിക്കുന്നു. കൈകളിലെ ഗന്ധം മാറാൻ ഇങ്ങനെ ചെയ്താൽ മതി കൈകളിലെ വെളുത്തുള്ളിയുടെ ഗന്ധം മാറാൻ നാരങ്ങ ഉപയോഗിച്ച് നന്നായി കഴുകിയാൽ മതി. നാരങ്ങ നീരും ചെറു ചൂടുവെള്ളവും ചേർത്തതിന് ശേഷം അതിലേക്ക് കൈകൾ മുക്കിവയ്ക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം കഴുകിയാൽ വെളുത്തുള്ളിയുടെ ഗന്ധം മാറിക്കിട്ടും.
