
ക്രെഡിറ്റ് റിപ്പോർട്ട് എന്നത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിശദമായ രേഖയാണ്. അതായത് വായ്പ ഇടപാടുകളുടെയും തിരിച്ചടവുകളുടെയും വ്യക്തമായ ചരിത്രം തന്നെ റിപ്പോർട്ട് നോക്കിയാൽ മനസ്സിലാകും. അതിനാൽതന്നെ ഇത് പ്രാധാന്യമർഹിക്കുന്നു. വർഷത്തിൽ ഒരു തവണയെങ്കിലും ക്രെഡിറ്റ് റിപ്പോർട്ട് പരിശേധിക്കണം. കാരണം ക്രെഡിറ്റ് റിപ്പോർട്ടിൽ തെറ്റുകൾ ഉണ്ടെങ്കിൽ മനസ്സിലാക്കാൻ വേണ്ടിയാണ്. ക്രെഡിറ്റ് റിപ്പോർട്ടിൽ ഒരു പിശക് വന്നാൽ അത് ഭാവി സാമ്പത്തിക കാര്യങ്ങളെയും ക്രെഡിറ്റ് സ്കോറിനെയും ബാധിച്ചേക്കാം. ഇനി അഥവാ ക്രെഡിറ്റ് റിപ്പോർട്ടിൽ തെറ്റ് കണ്ടെത്തിയാൽ എന്തു ചെയ്യണം? സാധരണയായി ചെയ്യേണ്ടത് ക്രെഡിറ്റ് ബ്യൂറോയെ സമീപിച്ച് തിരുത്തൽ വരുത്തുക എന്നുള്ളതാണ്. എങ്ങനെ ക്രെഡിറ്റ് റിപ്പോർട്ടിലെ തെറ്റ് തിരുത്താം. I. ക്രെഡിറ്റ് റിപ്പോർട്ട് എടുക്കുക സിബിൽ, എക്സ്പീരിയൻ, ഇക്വിഫാക്സ് തുടങ്ങിയ വിശ്വാസ്യതയുള്ള ഏതെങ്കിലും ക്രെഡിറ്റ് ബ്യൂറോകളിൽ നിന്ന് ക്രെഡിറ്റ് റിപ്പോർട്ടിന്റെ ഒരു പകർപ്പ് എടുക്കുക. സാധാരണയായി ഓരോ ബ്യൂറോയിൽ നിന്നും വർഷത്തിൽ ഒരിക്കൽ സൗജന്യ ക്രെഡിറ്റ് റിപ്പോർട്ട് നൽകാറുണ്ട്. II. തെറ്റ് ഉണ്ടെങ്കിൽ കണ്ടെത്തുക ക്രെഡിറ്റ് റിപ്പോർട്ട് വിശദമായി പരിശോധിക്കുക തെറ്റുണ്ടെങ്കിൽ കണ്ടെത്തുക. അതിൽ ഉടമയുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടാം. അതായത്, പേര്, വിലാസം, പാൻ നമ്പർ എന്നിവ കൃത്യമാണെന്നുള്ളതും പരിശോധിക്കണം. അക്കൗണ്ട് വിവരങ്ങൾ, ഇടപാടുൾ തെറ്റായി രേഖപ്പെടുത്തിയത് എന്നിവയാണ് സാധാരണയായി കാണുന്ന തെറ്റുകൾ. III. ക്രെഡിറ്റ് ബ്യൂറോയെ അറിയിക്കുക ക്രെഡിറ്റ് ബ്യൂറോ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങലെ കുറിച്ച് അവരെ അറിയിക്കുക. ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ലോൺ ക്ലോഷർ ലെറ്ററുകൾ പോലുള്ള തെളിവുകൾ എന്നിവ സമർപ്പിക്കാം. . ഓരോ ബ്യൂറോയ്ക്കും അവരുടെ വെബ്‌സൈറ്റിൽ ഒരു തർക്ക പരിഹാര സംവിധാനം ഉണ്ടാകും. IV. ബാങ്കുമായി ബന്ധപ്പെടുക ക്രെഡിറ്റ് ബ്യൂറോയെ ബന്ധപ്പെട്ട ശേഷം തെറ്റ് വന്നത് ബാങ്കിന്റെ ഭാഗത്തു നിന്നാണെങ്കിൽ ബാങ്കുമായി ബന്ധപ്പെടുക. തെറ്റ് എന്താണെന്നുള്ളത് രേഖാമൂലം ബാങ്കിനെ അറിയിക്കുകയും തിരുത്തൽ അഭ്യർത്ഥിക്കുകയും ചെയ്യുക. തുടർന്ന് ബാങ്ക് ഇത് പരിശോധിച്ച് ക്രെഡിറ്റ് ബ്യൂറോയെ അപ്‌ഡേറ്റ് ചെയ്യും. V. തെറ്റ് തിരുത്തിയെന്ന് ഉറപ്പ് വരുത്തുക. ബാങ്ക് അല്ലെങ്കിൽ ക്രെഡിറ്റ് ബ്യൂറോ തെറ്റ് വരുത്തിയിട്ടുണ്ടെന്ന് വ്യക്തമായാൽ അത് തിരുത്തി ക്രെഡിറ്റ് റിപ്പോർട്ടിലേക്ക് പ്രതിഫലിക്കാൻ 30 മുതൽ 45 ദിവസം വരെ എടുത്തേക്കാം. ഇത് തിരുത്തിയിട്ടുണ്ടോ എന്ന് ഉടമ കൃത്യമായി പരിശോധിക്കണം
