Gulf NewsInformationNationalSpot light

വിദേശ ജോലിയാണോ സ്വപ്നം? വിസയ്ക്കും ടിക്കറ്റിനും പണമില്ലേ? വഴിയുണ്ട്, നോര്‍ക്കയുടെ ‘ശുഭയാത്ര’, സബ്സിഡിയോടെ ഇനി ലോൺ ലഭിക്കും

തിരുവനന്തുപരം: വിദേശ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുളള വായ്പാ ധനസഹായപദ്ധതിയായ  നോര്‍ക്ക ശുഭയാത്രയ്ക്ക്  തുടക്കമായി. പദ്ധതിയില്‍ ഭാഗമായുളള ആദ്യ കരാര്‍ ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയുമായി നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി,സെക്രട്ടറി ഇൻ ചാർജ് എ വി അമലിന് കൈമാറി. ജി.സി.സി രാജ്യങ്ങളിലുള്‍പ്പെടെ വിദേശത്ത് മികച്ച നൈപുണ്യമുളള നിരവധി തൊഴില്‍ മേഖലകളില്‍ (പ്ലംബിങ്, ഇലക്ട്രീഷ്യന്‍, കാര്‍പെന്റര്‍ തുടങ്ങി) നിരവധി ഒഴിവുകളുണ്ട്.  ഇത്തരം സാധ്യതകള്‍ പ്രയേജനപ്പെടുത്തുന്നതിനായുളള നൈപുണ്യ വികസന പരിശീലനത്തിനും പദ്ധതി സഹായകരമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അര്‍ഹരായ എല്ലാവരേയും പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടറും, ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റുമായ കെ സി സജീവ് തൈക്കാടും വ്യക്തമാക്കി. നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി ഡയറക്ടർ മാരായ എ നാസറുദ്ധീൻ, ആർ സതികുമാർ, റഷീദ് റസ്റ്റം, എം നാസർ പൂവച്ചൽ നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.  വിദേശത്ത് തൊഴില്‍ നേടുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം, വിദേശയാത്രയ്ക്കുള്ള പ്രാരംഭ ചെലവുകള്‍ എന്നിവയ്ക്കായി പലിശ സബ്‌സിഡിയോടെ ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന വായ്പ ലഭ്യമാക്കുന്നതാണ് നോര്‍ക്ക ശുഭയാത്ര പദ്ധതി. പ്രവാസി നൈപുണ്യ വികസന സഹായ പദ്ധതി, വിദേശ തൊഴിലിനായുള്ള യാത്രാ സഹായ പദ്ധതി എന്നീ ഉപപദ്ധതികള്‍ ചേര്‍ന്നതാണ് ഇത്. 36 മാസ തിരിച്ചടവില്‍ രണ്ടു ലക്ഷം രൂപ വരെയാണ് അര്‍ഹരായ അപേക്ഷകര്‍ക്ക് വായ്പയായി ലഭിക്കുക. അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സി മുഖേന ലഭിക്കുന്ന ജോബ് ഓഫറിന്റെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കുക. കൃത്യമായി വായ്പാ തിരിച്ചടവിന് നാലു ശതമാനം (പ്രതിവര്‍ഷം)  പലിശ സബ്സിഡി 30 മാസത്തേക്ക് നല്‍കും. ആദ്യത്തെ ആറ് മാസത്തെ മുഴുവന്‍ പലിശയും നോര്‍ക്ക റൂട്ട്‌സ് വഹിക്കും. വീസ സ്റ്റാമ്പിംഗ്, എച്ച്ആര്‍ഡി/എംബസി അറ്റസ്റ്റേഷന്‍, ഇമിഗ്രേഷന്‍ ക്ലിയറന്‍സ്, എയര്‍ ടിക്കറ്റുകള്‍, വാക്‌സിനേഷന്‍ മുതലായവയ്ക്കുള്ള ചെലവുകള്‍ക്കായി വായ്പ പ്രയോജനപ്പെടുത്താവുന്നതാണ്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button