ഇത് വേറെ വൈബ്, പുരുഷന്മാർ ഈ ഭാഗത്തേക്കേ വരണ്ട, ഇത് സത്രീകൾക്ക് അടിച്ചുപൊളിക്കാനുള്ള ക്ലബ്ബ്

സ്ത്രീകൾക്ക് മാത്രമുള്ള ഹാംഗ്ഔട്ടുകൾ ഇന്ത്യയിൽ അപൂർവമാണ്. എന്നാൽ ബെംഗളൂരുവിലെ ഒരു ക്ലബ്ബ് ഈ ആശയം പരീക്ഷിക്കുകയാണ്. മദ്യവും സംഗീതവും ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ ഇടമായാണ് തങ്ങളുടെ ക്ലബ്ബിനെ സംരംഭകർ വിശേഷിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യതയാണ് ഈ ക്ലബ്ബിന് ലഭിക്കുന്നത്. ബംഗളൂരുവിലെ ബന്നാർഘട്ട റോഡിലാണ് സ്ത്രീകൾക്ക് മാത്രമുള്ള ഈ ക്ലബ് സ്ഥിതി ചെയ്യുന്നത്. ദീപാൻക്ഷി സിംഗ് എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ക്ലബ്ബിൻ്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ക്ലബിലെ ജീവനക്കാർ മുഴുവൻ സ്ത്രീകളാണെന്നതാണ് മറ്റൊരു കൗതുകകരമായ പ്രത്യേകത. ‘മിസ് ആൻഡ് മിസിസ്’ എന്നാണ് ക്ലബ്ബിൻ്റെ പേര്. 300 രൂപയ്ക്ക് ലഘുഭക്ഷണങ്ങളും അൺലിമിറ്റഡ് ബിയറും മദ്യവും ക്ലബ് വാഗ്ദാനം ചെയ്യുന്നുവെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്. എന്നാൽ ഇത് ആദ്യ ഒരു മണിക്കൂറിൽ മാത്രമേ ലഭ്യമാവുകയുള്ളൂ. അതിനുശേഷം എല്ലാ വസ്തുക്കളുടെയും വില ഇരട്ടിയാകും. ക്ലബ്ബിൻറെ വീഡിയോ ദൃശ്യങ്ങളിൽ ആകർഷകമായ ഡിജെയും നെയിൽ ആർട്ടിസ്റ്റുകളുടെ സേവനവും കാണാം. കൂടാതെ ലഘുഭക്ഷണങ്ങൾ, പിസ്സ, വൈൻ, ഷാംപെയ്ൻ, ബിയർ, മികച്ച ലൈറ്റിംഗ് സംവിധാനം എന്നിവയൊക്കെയുള്ള സജീവമായ ഒരു ക്ലബ് അന്തരീക്ഷമാണ് വീഡിയോ ഫൂട്ടേജ് കാണിക്കുന്നത്. m ഇതുവരെ വീഡിയോ നിരവധി ആളുകൾ കണ്ടുകഴിഞ്ഞു. വ്യത്യസ്തമായ ആശയത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകൾ അഭിപ്രായപ്രകടനങ്ങളും നടത്തിയിട്ടുണ്ട്. എന്നാൽ, സംരംഭത്തെ പുരുഷവിരുദ്ധം എന്ന് വിശേഷിപ്പിച്ചവരും കുറവല്ല.
