‘വരാനിരിക്കുന്നത് ഒരു വമ്പന്‍ വിജയം, കണ്ടാലറിയാം’; ‘എമ്പുരാനെ’ക്കുറിച്ച് രാം ഗോപാല്‍ വര്‍മ്മ

തനിക്ക് ഇഷ്ടപ്പെടുന്ന ചിത്രത്തെക്കുറിച്ച് പ്രശംസാ വാക്കുകള്‍ പറയുമ്പോള്‍ പിശുക്ക് കാട്ടാത്ത സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അടുത്തിടെ മലയാള ചിത്രം മാര്‍ക്കോയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം എമ്പുരാനെക്കുറിച്ചും രാം ഗോപാല്‍ വര്‍മ്മ പറയുന്ന വാക്കുകള്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് പ്രഖ്യാപിച്ചുകൊണ്ട് അണിയറക്കാര്‍ പുറത്തുവിട്ടിരുന്ന പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് എക്സില്‍ രാം ഗോപാല്‍ വര്‍മ്മ തന്റെ പ്രതീക്ഷ പങ്കുവച്ചിരിക്കുന്നത്. “വാവ്.. ഇത്രയും ഗംഭീരമായ ഒരു കോണ്‍സെപ്റ്റ് പോസ്റ്റര്‍ ഞാന്‍ ഇതുവരെയും കണ്ടിട്ടില്ല. ഇത് ഒരു വമ്പന്‍ വിജയമായിരിക്കുമെന്ന് ഈ പോസ്റ്ററില്‍ത്തന്നെ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്”, പൃഥ്വിരാജിനെ ടാഗ് ചെയ്തുകൊണ്ടാണ് രാം ഗോപാല്‍ വര്‍മ്മയുടെ പോസ്റ്റ്. ചിത്രത്തെക്കുറിച്ച് തനിക്കുള്ള പ്രതീക്ഷകള്‍ അദ്ദേഹം നേരത്തെയും പങ്കുവച്ചിട്ടുണ്ട്. ഒപ്പം എമ്പുരാന് അവസാന ഷെഡ്യൂള്‍ സമയത്ത് ലൊക്കേഷന്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു അദ്ദേഹം. അതേസമയം നാളെ വൈകിട്ട് ആറ് മണിക്ക് കൊച്ചി ലേ മെറിഡിയന് ഹോട്ടലില്‍ വച്ചാണ് ടീസര്‍ ലോഞ്ച് ചടങ്ങ്. രാത്രി 7.07 ന് ടീസര്‍ ഓണ്‍ലൈന്‍ ആയും റിലീസ് ആവും. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന്റെ 25-ാം വാര്‍ഷികാഘോഷ ദിനം കൂടിയാണ് അത്. ആശിര്‍വാദിന്റെ ആദ്യ ചിത്രമായ നരസിംഹത്തിന്റെ റിലീസ് 2000 ജനുവരി 26 ന് ആയിരുന്നു. മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനവും ആരാധകര്‍ ഈ വേദിയില്‍ പ്രതീക്ഷിക്കുന്നുണ്ട്. മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാന്‍വാസിലാണ് എമ്പുരാന് ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
