ജലീൽ അൽപ്പൻ; രോമത്തിൽ പോലും പോറലേൽപിക്കാൻ കഴിയില്ല; എം.എൽ.എ സ്ഥാനം രാജിവെപ്പിക്കുന്ന സീസൺ ടു ഇന്ന് ആരംഭിക്കും’ -കെ.ടി ജലീലിനെ വെല്ലുവിളിച്ച് പി.കെ ഫിറോസ്

‘
കോഴിക്കോട്: യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസും കെ.ടി ജലീൽ എം.എൽ.എയും തമ്മിലെ പോര് കനക്കുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി ഏറ്റുമുട്ടൽ സജീവമാകുന്നതിനിടെ ജലീലിനെതിരെ രൂക്ഷമായ പ്രതികരണവും വെല്ലുവിളിയുമായി ഫിറോസ് രംഗത്തെത്തി. ജലീൽ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി വാർത്താ സമ്മേളനം വിളിക്കുമെന്നും, മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കിയ സീസൺ ഒന്നിന്റെ തുടർച്ചയായി എം.എൽ.എ സ്ഥാനവും രാജിവെപ്പിക്കുന്ന സീസൺ രണ്ടിന് ശനിയാഴ്ച തുടക്കം കുറിക്കുമെന്നും ഫിറോസ് വ്യക്തമാക്കി. മലപ്പുറം പൂക്കോട്ടൂരിൽ യൂത്ത് ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു പി.കെ ഫിറോസ് ആഞ്ഞടിച്ചത്. ‘അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കികാണിക്കുന്ന അൽപ്പനാണ് ജലീൽ. ഇ.ഡിയിലോ, വിജിലൻസിലോ, സി.ബി.ഐക്കോ പരാതികൊടുത്താലും ഈ രോമത്തിൽ പോറലേൽപ്പിക്കാൻ കഴിയില്ല. ഒരു ലീഗ് പ്രവർത്തകന്റെ ദേഹത്ത് ഒരു പിടി മണ്ണിടാനും കഴിയില്ലെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. പാണക്കാട് നിന്നല്ല, എ.കെ.ജി സെന്ററിൽ നിന്നാണ് എന്നെ മന്ത്രിയാക്കിയതെന്ന് വെല്ലുവിളിച്ച ജലീലിനെ മന്ത്രി സ്ഥാനത്തു നിന്നും രാജിവെപ്പിക്കാൻ യൂത്ത്‍ ലീഗിന് കഴിഞ്ഞിട്ടുണ്ട്. ഇത് സീസൺ വൺ. എം.എൽ.എ സ്ഥാനത്തു നിന്നും ജലീലിനെ താഴെയിറക്കാനുള്ള ആയുധങ്ങൾ സംഭരിച്ചാണ് ഇന്ന് സീസൺ രണ്ടിന് തുടക്കം കുറിക്കുന്നത് -പി.കെ ഫിറോസ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ മലയാളം സര്‍വ്വകലാശാലയ്ക്കായി ഭൂമി ഏറ്റെടുത്തതില്‍ കെ.ടി ജലീല്‍ വ്യാപക അഴിമതി നടത്തിയതായി പി.കെ ഫിറോസ് ഉയർത്തിയ ആരോപണത്തിനു പിന്നാലെ, ശനിയാഴ്ച തിരൂരിലെ ഭൂമി പ്രവർത്തകർക്കൊപ്പം സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നു. തുടർന്ന് മാധ്യമങ്ങളെ കാണും. മുഴു സമയ രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം, ഗൾഫിലും കേരളത്തിലുമായി ബിസിനസ് സ്ഥാപനങ്ങളുള്ള പി.കെ ഫിറോസിന്റേത് അനധികൃത സ്വത്ത് സമ്പാദനമാണെന്ന് ആരോപിച്ച് കെ.ടി ജലീൽ രംഗത്തെത്തിയതോടെയാണ് ഇരു നേതാക്കളും തമ്മിലെ പോര് കനത്തത്. ഫിറോസിനെതിരെ ഹവാല ആരോപണം ഉയര്‍ത്തിയ ജലീൽ, വരുമാന സ്രോതസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ദുബായിൽ റജിസ്റ്റർ ചെയ്ത ഫോർച്യൂൺ ഹൗസ് ജനറൽ ട്രേഡിങ് എന്ന കമ്പനിയിലൂടെ ഫിറോസ് നടത്തുന്നത് റിവേഴ്സ് ഹവാലയാണോ എന്നായിരുന്നു ജലീലിന്റെ ആക്ഷേപം. അതേസമയം, അത്യാവശ്യം ജീവിക്കാനുള്ള വരുമാനം ഉണ്ടെന്നും, ബിസിനസ് ചെയ്യുന്ന ആളാണെന്നും മറുപടി നൽകിയ ഫിറോസ് അതിൽ അഭിമാനിക്കുന്നതായും വ്യക്തമാക്കി. ‘നിയമവിരുദ്ധമായ ബിസിനസ് അല്ല നടത്തുന്നത്. രാഷ്ട്രീയം ഉപജീവനം ആക്കരുത് എന്ന് പ്രവർത്തകരോട് പറയാറുണ്ട്. ജലീലിനോടും സ്വന്തം നിലയ്ക്ക് തൊഴിൽ ചെയ്യണം എന്നാണ് പറയാനുള്ളത്’ -ഫിറോസ് രണ്ടു ദിവസം മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
