ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി ജലം വീട്ടിലേക്ക് ഒഴുകി

തളിപ്പറമ്പ്: ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി ജലം സമീപത്തെ വീട്ടിലേക്ക് ഒഴുകി വൻ നാശനഷ്ടം. ചിറവക്ക് പട്ടുവം റോഡിൽ പുതിയടത്ത് കാവ് ശ്മശാനത്തിന് സമീപം ദിവസങ്ങളായി പൈപ്പ് പൊട്ടി ജലം പാഴാവുകയായിരുന്നു. നാല് ദിവസം മുമ്പ് ജല അതോറിറ്റി അധികൃതർ എത്തി ചോർച്ച അടച്ചെങ്കിലും വെള്ളം ലീക്കാവുന്നത് നിലച്ചിരുന്നില്ല. പട്ടുവത്തെ ടാങ്കിലേക്കുള്ള പ്രധാന പൈപ്പാണ് പൊട്ടിയിരുന്നത്.തിങ്കളാഴ്ച രാത്രി എട്ടോടെ പൈപ്പ് വൻ തോതിൽ പൊട്ടി ജലം സമീപത്തെ, മുൻ നഗരസഭ വൈസ് ചെയർമാൻ പി. ഗംഗാധരൻ വാടകക്ക് നൽകിയ വീട്ടിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇവിടെ താമസിക്കുന്ന ജോത്സ്യർ വിനോദിന്റെ വാഹനം പുറത്തെടുക്കാൻ പറ്റാത്ത വിധം വീടിന്റെ നടവഴിയിൽ പാകിയ ടൈലുകൾ ഉൾപ്പെടെ കുത്തിയൊലിച്ച് വീടിന്റെ വരാന്തയിലും മുറ്റത്തും ചളിവെള്ളത്തോടൊപ്പം എത്തി.വാട്ടർ അതോറിറ്റിയിൽ വിളിച്ചറിയിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷവും വെള്ളം ഓഫാക്കാത്തതിനാൽ നാട്ടുകാർ വെള്ളം വഴിതിരിച്ചുവിടുകയായിരുന്നു. ജല അതോറിറ്റി അധികൃതർ കാണിക്കുന്ന അനാസ്ഥയിൽ നാട്ടുകാരിൽ പ്രതിഷേധം ഉയരുകയാണ്. വീട്ടുകാർക്ക് ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
