ഈ പേര് കേൾക്കുമ്പോൾ തന്നെ നെഞ്ചിടിപ്പേറുന്നു’: ഹൃദയം തൊടുന്ന കുറിപ്പുമായി സീമ ജി നായർ

ലോക ക്യാൻസർ ദിനത്തിൽ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നടി സീമ ജി നായർ. ഈ പേര് കേൾക്കുമ്പോൾ തന്നെ നെഞ്ചിടിപ്പ് ഏറുകയാണെന്നും പ്രിയപ്പെട്ടവരെ ഓരോരുത്തരെയായി തന്നിൽ നിന്ന് അടർത്തിമാറ്റിയത് ഈ അസുഖമാണെന്നും സീമ ജീ നായർ ഫെയ്സ്ബുക്കിൽ കുറിച്ചു. സീമ ജി നായരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ”ഫെബ്രുവരി 4, ലോക കാൻസർ ദിനം, സത്യത്തിൽ ഈ പേര് കേൾക്കുമ്പോൾ തന്നെ നെഞ്ചിടിപ്പു ഏറുന്നു ..എന്റെ ഏറ്റവും പ്രിയപെട്ടവരെ ഓരോരുത്തരെയായി എന്നിൽ നിന്നും അടർത്തി മാറ്റിയ ഈ അസുഖം. കാൻസർ വന്നാൽ തളരുന്നത്, തകരുന്നത് ഒരു വ്യക്തി മാത്രം അല്ല ..ഒരു കുടുംബം ഒന്നാകെ ആണ്. സാമ്പത്തിക ഭദ്രത ഇല്ലാത്ത കുടുംബങ്ങൾക്ക് ചിന്തിക്കാവുന്നതിന്റെ മേലെ ആയി കഴിഞ്ഞു ചികിത്സ ഭാരം.ഉള്ളത് പണയം വച്ചും,വിറ്റും ചികിത്സ തേടി കഴിയുമ്പോൾ പലരുടെയും ജീവിതം പിടിച്ചു നിർത്താനും പറ്റുന്നില്ല. ഇതു മൂലം സ്വന്തം കിടപ്പാടം നഷ്ടപെട്ട രണ്ടുപേരുടെ പ്രശ്‍നം എന്റെ മുന്നിൽ കീറാമുട്ടിയായി നിൽക്കുന്നു ..ചില കാൻസർ മാത്രം തുടക്കത്തിലേ കണ്ടുപിടിച്ചാൽ ഭേദം ആക്കാൻ കഴിയുമെന്ന്, പക്ഷേ പലതും അവസാന നിമിഷം ആണറിയുന്നത് ,സമയവും അപ്പോൾ കടന്നു പോയിട്ടുണ്ടാവും.ഇതിനു പരിപൂർണമായി ഭേദമാകുന്ന ചികിത്സ, ചെലവ് കുറഞ്ഞ ചികിത്സ ഇതൊക്കെ ഇതൊക്കെ എന്നാണാവോ ഇവിടെ വരുന്നത്. ഏറ്റവും വലിയ ബിസ്സിനസ് ഇടമായി ആശുപത്രികൾ വളർന്നു കഴിഞ്ഞു, ലക്ഷങ്ങളുടെ കണക്കുകൾമാത്രം ആണ് ആശുപത്രികൾക്ക് പറയാൻ ഉള്ളത്. ഇപ്പോളും ഒരു പ്രിയപ്പെട്ടവന്റെ ജീവൻ നില നിർത്താൻ ഓടുവാണ് ഞാൻ, ഈശ്വര വിശ്വാസി ആയതു കൊണ്ട്, ഈശ്വരനെ മുറുകെ പിടിച്ചുകൊണ്ട് , അവന്റെ ജീവൻ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ”. ക്യാൻസർ ബാധിച്ചവർക്ക് കൈത്താങ്ങായി എന്നും നിലകൊള്ളുന്ന വ്യക്തിയാണ് സീമ ജി നായർ. ക്യാൻസർ ബാധിച്ച് അന്തരിച്ച, ഉറ്റ സുഹൃത്തും നടിയുമായ ശരണ്യക്കൊപ്പം നിന്ന് അവരെ സഹായിച്ചതും സീമയായിരുന്നു. ശരണ്യയെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാൻ സീമ ഏറെ ശ്രമിച്ചെങ്കിലും താരം മരണത്തിന് കീഴടങ്ങുകയായിരുന്നു.
