ആറു മണിക്കൂർ ഉറങ്ങിയതുകൊണ്ട് മാത്രം കാര്യമില്ല, ‘വലിയ വില’ കൊടുക്കേണ്ടി വരും; പുതിയ പഠനം പറയുന്നതിങ്ങനെ…

ഇന്നത്തെ കാലത്ത് ആറ് മണിക്കൂർ പോലും ഉറങ്ങാത്തവരാണ് നമ്മളിൽ പലരും. ഉറക്കകുറവ് സൃഷ്ടിക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കെ തന്നെയാണ് ഈ തെറ്റുകൾ ആവർത്തിക്കുന്നത്. എന്നാൽ ഇപ്പോഴിതാ പുതിയൊരു വാർത്ത കൂടി പുറത്തു വന്നിരിക്കുന്നു. ആറ് മണിക്കൂർ മാത്രം ഉറങ്ങിയതുകൊണ്ടു കാര്യമില്ല, അതിൽ കൂടുതൽ ഉറങ്ങണമെന്നാണ് പറയുന്നത്. ആവശ്യത്തിന് ഉറങ്ങിയില്ലെങ്കിൽ നമ്മുടെ ഹൃദയത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. സർവോദയ ഹോസ്പിറ്റലിലെ കാർഡിയോളജി ഡോക്ടർ അമിത് കുമാറാണ് ഉറക്കകുറവിന്റെ ദോഷങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്. ഹൃദയാരോഗ്യത്തിൽ ഉറക്കത്തിനുള്ള പങ്ക്; സാധാരണയായി ഒരാൾ ഉറങ്ങുമ്പോൾ അവരുടെ ശരീരം ഒരു ‘റിപ്പയറിങ് മെഷീനായി’ പ്രവർത്തിക്കും. ഈ സമയത്ത് രക്തസമ്മർദം കുറയുകയും ഹൃദയമിടിപ്പ് സാവധാനത്തിലാവുകയും ചെയ്യും. ഇത് ഹൃദയത്തിന് വിശ്രമിക്കാനും പകൽ സമയത്തെ സമ്മർദത്തിൽനിന്ന് വിശ്രമം നൽകാനും സഹായിക്കുന്നു. കൂടാതെ ശരീരകലകൾ നന്നാക്കാനും, വീക്കം (inflammation) കുറയ്ക്കാനും, രക്തക്കുഴലുകൾക്ക് വന്നിട്ടുള്ള കേടുപാടുകൾ തീർക്കാനും ഉറക്കം സഹായിക്കും. എന്നാൽ ഒരു ദിവസം ഏഴ് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നത് ഇത്തരം ‘റിപ്പയർ സൈക്കിളിന്’ തടസ്സം സൃഷ്ടിക്കും. ഇത് ഹൃദയത്തിന് ആവശ്യമായ വിശ്രമം ലഭിക്കാതെ തുടർച്ചയായി പ്രവർത്തിക്കാൻ കാരണമാകും. ക്രമേണ ഹൃദയത്തിൽ സമ്മർദം വർധിപ്പിക്കുകയും ഉയർന്ന രക്തസമ്മർദം, ക്രമരഹിതമായ ഹൃദയമിടിപ്പ് (അറിത്മിയ), രക്തധമനികൾക്ക് കേടുപാടുകൾ എന്നിവക്ക് കാരണമാവുകയും ചെയ്യും. ഉറക്കക്കുറവ് ഹൃദയത്തെ ബാധിക്കുന്നത് നാല് രീതിയിലാണ്. അവ കൃത്യമായി മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവൃത്തിക്കാനും നമ്മൾക്ക് കഴിയേണ്ടതുണ്ട്. നിരന്തരമായ ഉറക്കക്കുറവ് ഹൃദയത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. അവ എങ്ങനെയൊക്കെയാണ് എന്ന് നോക്കാം; 1. ഉയർന്ന രക്തസമ്മർദം ഉറക്കം കുറയുമ്പോൾ ശരീരം ‘പോരാടുക അല്ലെങ്കിൽ ഓടി രക്ഷപ്പെടുക’ എന്ന അവസ്ഥയിലായിരിക്കും ഉണ്ടാവുക. ഇത് രാത്രിയിൽ രക്തസമ്മർദം കുറയാൻ അനുവദിക്കാതെ ഹൃദയത്തിന് വിശ്രമം ലഭിക്കുന്നത് തടസ്സപ്പെടുത്തുകയും ഉയർന്ന സമ്മർദത്തിന് കാരമണമാവുകയും ചെയ്യും. 2. വീക്കം വർധിക്കും ഉറക്കക്കുറവുള്ള ആളുകളുടെ രക്തക്കുഴലുകളിൽ വീക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ വീക്കമുണ്ടാകുന്നത് ഹൃദയാഘാതത്തിനുള്ള ഒരു പ്രധാന കാരണമാണ്. 3. ഹോർമോൺ വ്യതിയാനങ്ങൾ മതിയായ ഉറക്കമില്ലാതെ വരുമ്പോൾ ശരീരത്തിലെ സ്ട്രെസ് ഹോർമോണുകൾ വർദ്ധിക്കുകയും വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളിൽ മാറ്റം വരുത്തുകയും ചെയ്യും. ഇത് ശരീരഭാരം കൂടുന്നതിനും ഹൃദയത്തിന് കൂടുതൽ സമ്മർദം നൽകുന്നതിനും കാരണമാകും. 4. അട്രിയൽ ഫൈബ്രിലേഷൻ ഉറക്കക്കുറവ് ഹൃദയത്തിലെ ഇലക്ട്രിക്കൽ സിഗ്നലുകളെയും ബാധിച്ചേക്കും. ഇത് ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.എത്ര മണിക്കൂർ ഉറക്കമാണ് വേണ്ടത്? മുതിർന്നവർക്ക് നല്ല ആരോഗ്യത്തിനായി ദിവസവും ഏഴുമുതൽ ഒമ്പത് മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. എന്നാൽ, എത്ര മണിക്കൂർ ഉറങ്ങി എന്നതുപോലെ എങ്ങനെ ഉറങ്ങി എന്നതും പ്രധാനമാണ്. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില കാര്യങ്ങൾ താഴെ പറയുന്നു; :എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാൻ ശ്രമിക്കുക. :ഉറങ്ങുന്നതിന് മുമ്പ് സ്ക്രീൻ ഉപയോഗിക്കുന്നത് ഒഴിവാക്കുക. :കിടപ്പുമുറി ഇരുണ്ടതും ശാന്തവുമാണെന്ന് ഉറപ്പാക്കുക. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് നല്ലത് പോലെ ഉറങ്ങാൻ സാധിക്കും. ഇനി നിങ്ങൾ ദിവസവും ആറു മണിക്കൂർ മാത്രം ഉറങ്ങുന്ന ആളാണെങ്കിൽ ഓർക്കുക, നിങ്ങളുടെ ശരീരം ക്ഷീണിച്ചതായി തോന്നുന്നില്ലെങ്കിലും നിങ്ങളുടെ ഹൃദയം നിശബ്ദമായി അതിന്റെ വില നൽകിക്കൊണ്ടിരിക്കുകയാണ്. കാരണം, നമ്മുടെ ഹൃദയം ഒരു ദിവസം ഒരു ലക്ഷത്തിലധികം തവണ മിടിക്കുന്നുണ്ട്. അപ്പോൾ അതിനാവശ്യമായ വിശ്രമം നൽകേണ്ടത് വളരെ പ്രധാനമാണ്. നമ്മുടെ ചെറിയ ചെറിയ ശീലങ്ങൾ മാറ്റിയെടുക്കുന്നത് നമുക്ക് തന്നെ ഉപകാരമായി തീരുമെന്ന യാഥാർഥ്യം എപ്പോഴും മനസ്സിലുണ്ടാവണം.
