KeralaSpot light

കാല് വെട്ടുമെന്ന് സിപിഎം ഭീഷണിപ്പെടുത്തിയെന്ന് കലാ രാജു; തന്നെ തട്ടിക്കൊണ്ടുപോയതെന്നും കൂത്താട്ടുകുളം കൗൺസിലർ

കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ തന്നെ സിപിഎം തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് കല രാജു. തൻ്റെ കാല് കാറിൽ കുടുങ്ങിയപ്പോൾ വെട്ടിമാറ്റി തരാമെന്ന് മകനേക്കാൾ പ്രായം കുറവുള്ള സിപിഎം പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്ന് അവർ പറഞ്ഞു. തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കല രാജുവിൻ്റെ പ്രതികരണം. തട്ടിക്കൊണ്ടുപോയത് സിപിഎം പ്രവർത്തകരാണ്. തന്നോട് വളരെ മോശം ഭാഷയിൽ സംസാരിച്ചുവെന്നും വലിച്ചിഴച്ച് കാറിൽ കയറ്റി ദേഹോപദ്രവം ചെയ്തുവെന്നും കല രാജു പറഞ്ഞു. തൻ്റെ വസ്ത്രം വലിച്ചഴിച്ചു. തട്ടിക്കൊണ്ടു പോയതിനുശേഷം സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലാണ് തന്നെ എത്തിച്ചത്. ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ എത്തിച്ചില്ലെന്നും നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഗ്യാസിന്റെ ഗുളിക തന്നുവെന്നും കല രാജു പറഞ്ഞു. ഇവരെ കൂത്താട്ടുകുളം ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് സിപിഎം കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത്. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയ‍ർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി കല രാജുവിൻ്റെ മകൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു.  13 കൗൺസിലർമാരോടും അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇതുപ്രകാരം കലാ രാജു അടക്കം എല്ലാവരും പാർട്ടി ഓഫീസിലാണ് ഉണ്ടായിരുന്നെന്നുമാണ് സിപിഎം നേതാവായ നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് പ്രതികരിച്ചത്. അവിശ്വാസ പ്രമേയ ചർച്ചയുടെ സമയം കഴിഞ്ഞപ്പോൾ കലാ രാജുവടക്കം എല്ലാവരും വീട്ടിൽ പോയെന്നും ആരും ആരെയും തട്ടിക്കൊണ്ടുപോയില്ലെന്നുമാണ് അദ്ദേഹം വാദിച്ചത്. ഇത് തള്ളിയാണ് ഇപ്പോൾ കല രാജു തന്നെ രംഗത്ത് വന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button