നടന്നുപോയാൽ പട്ടി കടിക്കുന്ന അവസ്ഥയാണ് കേരളത്തിൽ എന്ന് ഹൈക്കോടതി; തദ്ദേശ സെക്രട്ടറിക്കെതിരെ കേസെടുക്കണം

കൊച്ചി: പ്രഭാതനടത്തത്തിനു പോയാൽ പട്ടി കടിക്കാതെ തിരിച്ചെത്തുമെന്നുറപ്പില്ലാത്ത അവസ്ഥയാണ് കേരളത്തിലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതീവ ഗൗരവമുള്ള വിഷയമാണിത്. നായ്ക്കൾ ആശങ്കാജനകമായി പെരുകുകയാണ്. മൃഗങ്ങളുടെ അവകാശത്തെക്കാൾ മുന്നിലാണ് മനുഷ്യാവകാശമെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. തെരുവുനായ്ക്കളുടെ കസ്റ്റോഡിയനായ തദ്ദേശ സ്ഥാപന സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്താലേ നിയന്ത്രണം ഫലപ്രദമാകൂ. ഇതുൾപ്പെടെ പരിശോധിച്ച് ഇടക്കാല ഉത്തരവിടുമെന്നും ഹർജികൾ പരിഗണിക്കവേ കോടതി വ്യക്തമാക്കി.
പ്രശ്നപരിഹാരത്തിന് എല്ലാ കക്ഷികളും നിർദ്ദേശങ്ങൾ നൽകണമെന്നും ജസ്റ്റിസ്6 സി.എസ്. ഡയസ് പറഞ്ഞു. മൃഗങ്ങളുമായുള്ള സഹവർത്തിത്വം ഉറപ്പാക്കുകയും വേണം. തെരുവുനായ ശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ നിയമ വിദ്യാർത്ഥിനി കീർത്തന സരിൻ അടക്കം നൽകിയ ഹർജികളിലാണ് കോടതിയുടെ പരാമർശം.
സർക്കാർ നിർദ്ദേശിച്ച ദയാവധം പരിഹാരമല്ല. മാറാരോഗവും ഗുരുതര പരിക്കുമുള്ള നായ്ക്കളെ കൊല്ലാനാണ് ഇതിൽ അനുവാദമുള്ളത്. എ.ബി.സി നിയമപ്രകാരമുള്ള മാർഗനിർദ്ദേശങ്ങൾ സുപ്രീംകോടതിയും ഹൈക്കോടതിയും നൽകിയിട്ടുണ്ട്. അത് ഫലപ്രദമായി നടപ്പാക്കണം.
മനുഷ്യരെ വളർത്തുമൃഗങ്ങൾ ഉപദ്രവിച്ചാൽ ഉടമയ്ക്കെതിരെ കേസെടുക്കും. ഈ വർഷം കടിയേറ്റവരുടെ എണ്ണം, മരണസംഖ്യ, തെരുവു നായ്ക്കളുടെ എണ്ണം എന്നിവ സർക്കാർ ഹാജരാക്കണം. കേസുകളുടെ എണ്ണം പൊലീസ് മേധാവിയും അറിയിക്കണം. ആഗസ്റ്റ് 4ന് തുടർവാദം കേൾക്കും.
