ഫ്രൈഡ് ചിക്കൻ്റെ രുചിയിൽ ടൂത്ത്‌പേസ്റ്റ്; വമ്പൻ പരീക്ഷണവുമായി കെഎഫ്‌സി, വിറ്റുപോയത് നിമിഷങ്ങൾക്കുള്ളിൽ

പലതരത്തിലുള്ള ടൂത്ത് പേസ്റ്റുകൾ നിലവിൽ വിപണിയിലുണ്ട്. അതും പല രുചികളിലുള്ളത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഫ്രൈഡ് ചിക്കൻറെ രുചിയിലുള്ള ടൂത്ത് പേസ്റ്റ് ആണെങ്കിലോ? ഇങ്ങനെയൊരു സാഹസത്തിനു മുതിർന്നിരിക്കുകയാണ് കെഎഫ്‌സി അതും ടൂത്ത്‌പേസ്റ്റ് ബ്രാൻഡായ ഹിസ്മൈലുമായി സഹകരിച്ചുകൊണ്ട്. എന്നാൽ ഈ സാഹസത്തിന് ഫലം കണ്ടു. അതായത്, ലിമിറ്റഡ് എഡിഷനിൽ പുറത്തിറക്കിയ ടൂത്ത് പേസ്റ്റ് നിമിഷങ്ങൾക്കുള്ളിലാണ് വിറ്റുതീർന്നത്. കെഎഫ്‌സിയുടെ പ്രശസ്തമായ എന്നാൽ രഹസ്യമായ രുചികൂട്ടാണ് ടൂത്ത് പേസ്റ്റിന്റെ രുചിയായി ചേർത്തിരിക്കുന്നത്. 11 ഔഷധസസ്യങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും രുചിയാണ് ഇതെന്ന് കെഎഫ്‌സി അവക്ഷപ്പെടുന്നു. കെഎഫ്‌സിയുടെ ഒറിജിനൽ ചിക്കൻ റെസിപ്പിയുടെ രുചിയിലുള്ള ടൂത്ത്പേസ്റ്റ് രുചി പകരുക മാത്രമല്ല, പല്ലുകൾക്ക്, വായയ്ക്ക് പുതുമയും വൃത്തിയും നല്കുന്നുന്നെന്ന് കെഎഫ്‌സി അവകാശപ്പെടുന്നു. ടൂത്ത്പേസ്റ്റ് ബ്രാൻഡായ ഹിസ്മൈലിന്റെ മാർക്കറ്റിംഗ് മാനേജർ കോബൻ ജോൺസ് ഈ പുതിയ ചുവടുവെപ്പിനെ തങ്ങളുടെ ഏറ്റവും വിജയകരമായ സഹകരണങ്ങളിലൊന്നായാണ് വിശേഷിപ്പിച്ചത്. ഇത് പരീക്ഷിച്ച് നോക്കാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ പുതിയ സ്റ്റോക്ക് എത്തുന്നതുവരെ കാത്തിരിക്കേണ്ടി വരും കാരണം നിലവിൽ പുറത്തിറക്കിയ സ്റ്റോക്കുകളെല്ലാം നിമിഷങ്ങൾക്കുള്ളിലാണ് വിറ്റുതീർന്നത്. എന്നാൽ ഇന്ത്യക്കാർക്ക് ഈ ടൂത്ത്‌പേസ്റ്റ് ലഭിക്കാൻ ഇനിയും കാത്തിരിക്കണം. കാരണം, കെഎഫ്‌സി ടൂത്ത്‌പേസ്റ്റ് ഇന്ത്യയിൽ ലഭ്യമല്ല
