ഖോ ഖോ ലോകകപ്പ്: ദക്ഷിണകൊറിയയെ നാണംകെടുത്തി ഇന്ത്യൻ വനിതകൾ; ബ്രസീലിനെ തകർത്ത് ക്വാര്‍ട്ടർ ഉറപ്പിച്ച് പുരുഷ ടീം

ദില്ലി: ഖോ ഖോ ലോകകപ്പില്‍ ദക്ഷിണകൊറിയയെ നിലംപരിശാക്കി ഇന്ത്യൻ വനിതകള്‍. ടൂര്‍ണമെന്‍റിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ 175-18 നാണ് ഇന്ത്യൻ വനിതകള്‍ ദക്ഷിണ കൊറിയയെ തകര്‍ത്തുവിട്ടത്. ടോസ് നേടിയ ഇന്ത്യ ഡിഫന്‍ഡ് ചെയ്യാനാണ് തീരുമാനിച്ചത്. ഇന്ത്യക്കായി ചൈത്രയും ക്യാപ്റ്റന്‍ പ്രിയങ്ക ഇംഗിളും മീരുവുമാണ് തുടങ്ങിവെച്ചത്. എന്നാല്‍ ഇന്ത്യൻ ഡിഫന്‍ഡേഴ്സിനെ തൊടാന്‍ പോലുമാകാതെ ദക്ഷിണ കൊറിയ വെള്ളം കുടിച്ചു. കളി തുടങ്ങി ഒരു മിനിറ്റിനുശേഷം ചൈത്രയെ പിടിച്ചാണ് ദക്ഷിണ കൊറിയ അക്കൗണ്ട് തുറന്നത്.
എന്നാല്‍ ചൈത്ര മൂന്നരമിനിറ്റോളം പിടികൊടുക്കാതെ പിടിച്ചുനിന്ന് കൊറിയയുടെ നില പരുങ്ങലിലാക്കി. മാഗിയും നസ്രീന്‍ ഷെയ്ഖും റോഷ്മ റാത്തോഡുമാണ് ഇന്ത്യക്കായി പിന്നീട് ഡിഫന്‍ഡ് ചെയ്യാനായി ഇറങ്ങിയത്. പിന്നീട് ഓരോ റൗണ്ടിലും ലീഡുയര്‍ത്തിയ ഇന്ത്യൻ വനിതകള്‍ ദക്ഷിണ കൊറിയക്ക് ഒന്ന് പൊരുതി നോക്കാന്‍ പോലും അവസരം നല്‍കാതെയാണ് ആധികാരിക വിജയം സ്വന്തമാക്കിയത്. ഇറാനും മലേഷ്യയുമാണ് ഇനി ഇന്ത്യയുടെ മത്സരങ്ങള്‍. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറുക. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ഇറാന്‍ മലേഷ്യയെ 54-16ന് തോല്‍പ്പിച്ചു. ഇന്ന് വൈകിട്ട് ഏഴിന് ഇറാനുമായാണ് ഇന്ത്യൻ വനിതകളുടെ അടുത്ത മത്സരം.
ഉദ്ഘാടന മത്സരത്തില്‍ നേപ്പാളിനെ 42-37ന് തോല്‍പ്പിച്ച പുരുഷ ടീം ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ബ്രസീലിനെ 64-34 എന്ന സ്കോറിന് തകര്‍ത്തു. ജയത്തോടെ ഇന്ത്യൻ പുരുഷ ടീം ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയും ചെയ്തു. നാളെ ഭൂട്ടാനെതിരെയാണ് പുരുഷ ടീമിന്‍റെ അടുത്ത മത്സരം. ഇന്ത്യയുടെ പരമ്പരാഗത കായികയിനങ്ങളില്‍ ഒന്നായ ഖോ ഖോ ലോകകപ്പിന്‍റെ ആദ്യ പതിപ്പില്‍ 24 രാജ്യങ്ങളില്‍ നിന്നായി 39 ടീമുകളാണ് മത്സരിക്കുന്നത്.
