പത്തനംതിട്ട: മോഷണക്കേസിൽ ആളുമാറി കസ്റ്റഡിയിലെടുത്ത പൊലീസുകാർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തി വിഷ്ണു. ഒരു പരിശോധനയും നടത്താതെ കള്ളനെന്ന് മുദ്രകുത്തി കസ്റ്റഡിയിലെടുത്ത ശേഷം കോന്നി, ഇരവിപുരം സ്റ്റേഷനുകളിലെ പൊലീസുകാർ മോശമായി പെരുമാറിയെന്നും വിഷ്ണു പറയുന്നു. ക്ഷേത്രത്തിലെ പൂജകൾ പോലും തടസപ്പെടുത്തി കീഴ്ശാന്തിയെ കൊണ്ടുപോയ പൊലീസിനെതിരെ ശക്തമായ നടപടി വേണമെന്നാണ് ക്ഷേത്രം ഭാരവാഹികളുടെയും ആവശ്യം. ചൊവ്വാഴ്ച ദീപാരാധനയ്ക്ക് ശേഷമാണ് അപ്രതീക്ഷിതമായി പൊലീസ് എത്തി കീഴ്ശാന്തിയെ കസ്റ്റഡിയിലെടുത്തത്. മോഷണക്കേസിൽ ആണ് കസ്റ്റഡി എന്ന് കേട്ട് ക്ഷേത്ര ഭാരവാഹികളും ഭക്തരും ഞെട്ടി. ചൊവ്വാഴ്ച കസ്റ്റഡിയിൽ എടുത്ത വിഷ്ണുവിനെ ബുധനാഴ്ച ഉച്ചയോടെയാണ് വിട്ടയച്ചത്. അബദ്ധം പറ്റിയെന്നാണ് പൊലീസ് പറയുന്നത്. ഒരുമാസം മുൻപ് കൊല്ലം പൂതക്കാട് ദേവീക്ഷേത്രത്തിലെ വിളക്കുകൾ മോഷണം പോയതിൽ ശാന്തിക്കാരനെതിരെ ക്ഷേത്രം ഭാരവാഹികൾ പരാതി നൽകിയിരുന്നു. ഈ പരാതിക്കൊപ്പം മോഷണം നടത്തിയ ആളുമായി സാദൃശ്യമുള്ള വിഷ്ണുവിൻറെ ഫോട്ടോയും ക്ഷേത്രം ഭാരവാഹികൾ പൊലീസിന് കൈമാറിയിരുന്നു. ദേവസ്വം ബോർഡിലെ താൽക്കാലിക കീഴ്ശാന്തിക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നുമാണ് വിഷ്ണുവിൻറെ ഫോട്ടോ ഇവർക്ക് ലഭിച്ചത്. ഈ ഫോട്ടോ വെച്ചാണ് ഒന്നും നോക്കാതെ പൊലീസ് വിഷ്ണുവിനെ പിടികൂടിയത്. വിഷ്ണുവിനെ തിരിച്ചറിയാൻ ഇരവിപുരം പൊലീസ് സ്റ്റേഷനിലെത്തിയ പൂതക്കാട് ക്ഷേത്രഭാരവാഹികൾ ആള് മാറിപ്പോയെന്ന് പറഞ്ഞതോടെ ഉദ്യോഗസ്ഥർ പെട്ടുപോയി. അങ്ങനെ വളരെവേഗം വിഷ്ണുവിനെ വിട്ടയച്ചു. ആദ്യം കസ്റ്റഡിയിലെടുത്ത കോന്നി പൊലീസും പിന്നീട് കൊണ്ടുപോയ ഇരവിപുരം പൊലീസും വളരെ മോശമായി തന്നോട് പെരുമാറിയെന്ന് വിഷ്ണു പറയുന്നു. പൊലീസുകാർക്കെതിരെ നടപടിക്ക് കോടതിയെ സമീപിക്കുന്നതിനു പുറമെ ഡിജിപിക്കും പരാതി നൽകും. പത്തനംതിട്ട ജില്ലയ്ക്ക് പുറത്ത് ഒരുക്ഷേത്രത്തിലും ഇതുവരെ പൂജ ചെയ്തിട്ടില്ലെന്നും വിഷ്ണു പറയുന്നു.
Related Articles
കടം വാങ്ങിയ പണം തിരികെ നൽകിയില്ല, കൊല്ലത്ത് സുഹൃത്തുക്കൾ തീകൊളുത്തിയ യുവാവ് മരിച്ചു
December 2, 2024
ഏത് ബാങ്കിൽ നിക്ഷേപിച്ചാൽ കൂടുതൽ പലിശ ലഭിക്കും? എഫ്ഡി ഇടുന്നതിന് മുൻപ് കണക്കുകൂട്ടാം
October 11, 2024
Check Also
Close