കോലി ഒന്ന് ആഘോഷിച്ച് തീർന്നില്ല, അതിനും മുമ്പേ ആ നേട്ടം തിരികെപ്പിടിച്ച് ഹിറ്റ്മാൻ; ഇതിഹാസങ്ങളുടെ വാശിപ്പോര്!

മുംബൈ: ഐപിഎല്ലിലെ മിന്നുന്ന ഒരു റെക്കോര്‍ഡ് വിരാട് കോലി സ്വന്തമാക്കി മണിക്കൂറുകൾക്കുള്ളിൽ തിരികെ പിടിച്ച് രോഹിത് ശര്‍മ. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന ഇന്ത്യൻ താരം എന്ന നേട്ടത്തിനുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോലിയും രോഹിതും തമ്മില്‍ നടക്കുന്നത്. സൂപ്പര്‍ സണ്‍ഡേയിലെ മത്സരങ്ങൾ തുടങ്ങും മുമ്പ് 19 പ്ലെയര്‍ ഓഫ് മാച്ച് പുരസ്കാരങ്ങളുമായി രോഹിത് ആയിരുന്നു മുന്നിൽ നിന്നത്. പഞ്ചാബ് കിംഗ്സിനെതിരെയുള്ള മിന്നുന്ന പ്രകടനത്തോടെ ആദ്യ മത്സരം മത്സരം കഴിഞ്ഞപ്പോൾ കോലി രോഹിതിനൊപ്പം ഒന്നാം സ്ഥാനത്ത് എത്തി. എന്നാല്‍, മണിക്കൂറുകൾക്കുള്ളില്‍ തന്നെ രോഹിത് തന്‍റെ പേരിലുണ്ടായിരുന്ന ആ നേട്ടം തിരികെ പിടിച്ചു. ഈ സീസണില്‍ ഫോം കണ്ടെത്താൻ വിഷമിച്ചിരുന്ന താരം ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 76 റണ്‍സ് അടിച്ച് കൂട്ടിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത്. 18 പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്കാരങ്ങളുള്ള മഹേന്ദ്ര സിംഗ് ധോണിയാണ് മൂന്നാം സ്ഥാനത്തുള്ളത്. അതേസമയം, ഐപിഎല്ലിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയിട്ടുള്ളത് ആര്‍സിബിയുടെ താരമായിരുന്ന എ ബി ഡിവില്ലേഴ്സ് ആണ്. 25 തവണ ആ നേട്ടത്തിലെത്താൻ ഡിവില്ലേഴ്സിന് സാധിച്ചു. 22 പുരസ്കാരങ്ങൾ സ്വന്തമാക്കിയ യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ൽ ആണ് രണ്ടാം സ്ഥാനത്തുള്ളത്.
