കോഴിക്കോട് അസിസ്റ്റന്റ് കളക്ടറുടെ വാഹനം തെരുവ് നായ്ക്കൾ കടിച്ചുകീറി നശിപ്പിച്ചു

കണ്ണൂർ: കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ തെരുവ് നായകളുടെ ആക്രമണം. കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന അസിസ്റ്റന്റ് കളക്ടരുടെ വാഹനം നായകൾ കടിച്ചുകീറി നശിപ്പിച്ചു. ഉപയോഗിക്കാൻ സാധിക്കാത്ത തരത്തിൽ വാഹനത്തിന്റെ മുൻവശത്തെ ബോണറ്റും ലൈറ്റും ഉൾപ്പെടെ കടിച്ചുകീറി വേർപ്പെടുത്തി. ഒടുവിൽ ടാക്സി വാഹനം സംഘടിപ്പിച്ചാണ് അസിസ്റ്റന്റ് കളക്ടർക്ക് യാത്രാ സൗകര്യം സജ്ജമാക്കിയത്. മറ്റൊരു സംഭവത്തിൽ ഇന്നലെ മലപ്പുറത്ത് ഒരു യുവാവിന് നേരെയും തെരുവ് നായ ആക്രമണമുണ്ടായിരുന്നു. മുണ്ടുപറമ്പിൽ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു ഗുഡ്സ് പിക്കപ്പ് വാഹനത്തിനരികിലൂടെ നടന്നുവന്ന യുവാവിന്റെ കാലിലാണ് തെരുവ് നായ കടിച്ചത്. എന്നാൽ ധരിച്ചിരുന്ന പാന്റ്സിലാണ് കടിയേറ്റത്. യുവാവ് കാൽ വലിച്ചെങ്കിലും നായ കടി വിട്ടില്ല. യുവാവ് കൈ കൊണ്ട് പിടിച്ച് അകത്തി നായയുടെ കടി വിടുവിക്കാൻ ശ്രമിച്ചെങ്കിലും ഫല കണ്ടില്ല. ശബ്ദം കേട്ട് സമീപത്തെ കടയിൽ നിന്ന് ഇറങ്ങിവന്ന ഒരു യുവാവും യുവതിയും കൂടി ബലം പ്രയോഗിച്ചിട്ടും നായ കടി വിട്ടില്ല. ഓടിയെത്തിയ സ്ത്രീ ഒരു വടി കൊണ്ടുവന്ന് നായയെ പല തവണ അടിച്ചെങ്കിലും കടി വിട്ടില്ല. ഒടുവിൽ പാന്റ്സ് ഊരി എറിയുകയായിരുന്നു. ഇതോടെ നായ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
