കഴിഞ്ഞ ജന്മം ഞാനൊരു പെൺകുട്ടി, മരിച്ചത് തീപ്പിടിത്തത്തില്, ഇത് പുതുജന്മം; അവിശ്വസനീയമായ കഥയുമായി 5 വയസുകാരന്

ഈ ലോകത്ത് കേട്ടാൽ വിചിത്രം എന്ന് തോന്നുന്ന അനേകം കാര്യങ്ങൾ നടക്കാറുണ്ട്. ചിലതിനെയൊക്കെ വളരെ അവിശ്വസനീയതയോടെയാവും നാം സമീപിക്കുന്നത്. അതുപോലെ കുട്ടികളായിരിക്കുമ്പോൾ നമ്മുടെ മനസിൽ പല ഫാന്റസികളും ഉണ്ടാവും. പലതരം കഥകൾ ഉണ്ടാക്കി പറയുന്ന അനേകം കുട്ടികളെ നാം കണ്ടിട്ടുമുണ്ടാവും. എന്നാൽ, അതിനേക്കാളൊക്കെ ഉപരിയായിട്ടുള്ള കാര്യമാണ് ഒരു അഞ്ച് വയസുകാരൻ പറയുന്നത്. അഞ്ച് വയസുള്ള ഈ കുട്ടി തന്റെ അമ്മയോട് തന്റെ പൂർവജന്മത്തെ കുറിച്ച് വിശദീകരിക്കുകയായിരുന്നു. അതിനെ കുറിച്ച് തനിക്ക് വ്യക്തമായ ഓർമ്മയുണ്ട് എന്നാണ് കുട്ടി പറയുന്നത്. അതുകൊണ്ടും തീർന്നില്ല, താൻ മരിച്ചത് തീയിൽ പെട്ടിട്ടാണ് എന്ന് കൂടി കുട്ടി പറഞ്ഞത്രെ. 2015 -ലാണ്, ലൂക്ക് റൂഹൽമാൻ എന്ന അഞ്ചുവയസ്സുകാരൻ തൻ്റെ അമ്മയോട് ഈ ഞെട്ടിക്കുന്ന കഥകൾ പങ്കുവച്ചത്. തൻ്റെ കഴിഞ്ഞ ജന്മത്തിൽ തൻ്റെ പേര് പാം എന്നായിരുന്നു. ചിക്കാഗോയിലാണ് താൻ ജനിച്ചത്. താനൊരു പെൺകുട്ടിയായിരുന്നു. തനിക്ക് കറുത്ത മുടി ആയിരുന്നു. കമ്മലുകൾ ഇട്ടിരുന്നു. 1993 -ൽ തീപിടുത്തത്തിലാണ് താൻ ദാരുണമായി മരിച്ചത് എന്നാണ് കുട്ടി അമ്മയോട് പറഞ്ഞത്. കുട്ടി സ്ഥിരമായി പാം എന്ന പേര് പറയുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് അമ്മ അവനോട് കാര്യങ്ങൾ തിരക്കിയത്. താൻ തീപിടിത്തത്തിന്റെ സമയത്ത് ജനാലയിലൂടെ പുറത്തേക്ക് ചാടി എന്നും കുട്ടി കൂടെക്കൂടെ പറയുമായിരുന്നു. അപ്പോഴാണ് കുട്ടി ഈ അവിശ്വസനീയമായ കഥ അമ്മയോട് പങ്കുവച്ചത്. താൻ മരിച്ച് സ്വർഗത്തിൽ എത്തി. അവിടെ നിന്നും ദൈവമാണ് തന്നെ തിരികെ ഭൂമിയിലേക്ക് അയച്ചത് എന്നാണ് ലൂക്ക് പറയുന്നത്. ‘The Ghost Inside My Child’ എന്ന പരിപാടിയിൽ പ്രത്യക്ഷപ്പെട്ട അമ്മയാണ് ഈ വിവരം വെളിപ്പെടുത്തിയത്. കുട്ടി പറയുന്നതനുസരിച്ച് താൻ ഓൺലൈനിൽ അന്വേഷണം നടത്തി എന്നും ചിക്കാഗോയിൽ 1993 -ൽ 19 പേർ മരിച്ച ഒരു തീപ്പിടിത്തമുണ്ടായിരുന്നു എന്നുമാണ് അമ്മ പറയുന്നത്. അതിൽ പമേല റോബിൻസൺ എന്നൊരു കുട്ടിയുണ്ടായിരുന്നു എന്നും ഇവർ പറയുന്നു. ഏതായാലും ഇപ്പോൾ ഈ കഴിഞ്ഞ ജന്മത്തെ കുറിച്ചുള്ള കഥയൊക്കെ വിട്ട് ഒരു സാധാരണ ജീവിതം നയിക്കുകയാണത്രെ ലൂക്ക്. എന്നാൽ, അതേസമയം തന്നെ കുട്ടിയാണോ അമ്മയാണോ ഈ കഥയുണ്ടാക്കിയത് എന്ന സംശയം പ്രകടിപ്പിക്കുന്നവരും ഒരുപാടുണ്ട്.
