വിഷയം ലോൺ; തർക്കം മൂത്തപ്പോൾ ഭാര്യയുടെ മൂക്കിന്‍റെ മുൻഭാഗത്ത് കടിച്ചുമുറിച്ച് ഭർത്താവ്, ഗുരുതര പരിക്ക്

കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയുടെ മൂക്കിന്റെ മുൻഭാഗം കടിച്ചു മുറിച്ചു. കർണാടകയിലെ ദാവൻഗെരെ ജില്ലയിലെ ചന്നഗിരി താലൂക്കിലെ മന്തരഗട്ട ഗ്രാമത്തിലാണ് സംഭവം.
ദാവൻഗെരെ: കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയുടെ മൂക്കിന്റെ മുൻഭാഗം കടിച്ചു മുറിച്ചു. കർണാടകയിലെ ദാവൻഗെരെ ജില്ലയിലെ ചന്നഗിരി താലൂക്കിലെ മന്തരഗട്ട ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. വിജയ് എന്നയാളാണ് ഭാര്യ വിദ്യ (30) യുടെ മൂക്കിന്‍റെ മുൻഭാഗം കടിച്ചു മുറിച്ചത്
ഇത് വിദ്യക്ക് ഗുരുതരമായ പരിക്കിന് കാരണമായി. വിദ്യ ഒരു ലോൺ എടുത്തിരുന്നു. ഇതിന് വിജയ് ജാമ്യം നിന്നിരുന്നു. വായ്പ തിരിച്ചടയ്ക്കുന്നതിൽ വിദ്യ വീഴ്ച വരുത്തിയതോടെ, കടം നൽകിയവർ ദമ്പതികളെ നിരന്തരം ശല്യം ചെയ്യാൻ തുടങ്ങി. ഇത് ഇരുവരും തമ്മിൽ പതിവ് വഴക്കുകൾക്ക് കാരണമായെന്ന് പൊലീസിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു
സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻ തന്നെ വിദ്യയെ ചന്നഗിരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ശിവമോഗയിലെ മക്ഗാൻ ആശുപത്രിയിലേക്കും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഒരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ശിവമോഗയിലെ ജയനഗർ പൊലീസ് സ്റ്റേഷനിൽ മെഡിക്കൽ-ലീഗൽ കേസ് (MLC) രജിസ്റ്റർ ചെയ്യുകയും പിന്നീട് ചന്നഗിരി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. വിദ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
