
മുംബൈ: സ്വർണ്ണാഭരണങ്ങൾ ഈടുവെച്ച് എടുക്കുന്ന വായ്പകളുടെ എണ്ണം കൂടിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ജനുവരിയിലെ കണക്കുകൾ അനുസരിച്ചുള്ള റിപ്പോർട്ടാണ് ആർബിഐ പുറത്തുവിട്ടിരിക്കുന്നത്. സ്വർണവില റെക്കോഡുകൾ പിന്നിട്ടതോടെയാണ് സ്വർണ പണയ വായ്പ കുത്തനെ ഉയർന്നതെന്നാണ് നിഗമനം. 76.9 ശതമാനം വർദ്ധനവാണ് സ്വർണ പണയ വായ്പയിൽ ഉണ്ടായിരിക്കുന്നത്. ഈ കാലയളവിൽ പേഴ്സണൽ ലോണിൻ്റെ ഡിമാൻഡ് കുറഞ്ഞിട്ടുമുണ്ട്. ഒരു വർഷം മുമ്പ് ഇത് 17.4 ശതമാനമായിരുന്നു. ജനുവരിയിലെ കണക്കനുസരിച്ച് സ്വർണ്ണാഭരണ വായ്പയുടെ കുടിശ്ശിക 1.79 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഇത് 1.01 ലക്ഷം കോടി രൂപയും 2023 ജനുവരിയിൽ ഇത് 86,133 കോടി രൂപയുമായിരുന്നു. കഴിഞ്ഞ ജനുവരിയിൽ വ്യക്തിഗത വായ്പ വളർച്ച 14.2 ശതമാനമായി കുറഞ്ഞു, ഒരു വർഷം മുമ്പ് ഇത് 18.2 ശതമാനമായിരുന്നു. കഴിഞ്ഞ ഒരു മാസംകൊണ്ട് സ്വർണവിലയിൽ വലിയ വർധനയാണ് ഉണ്ടായത്. കഴിഞ്ഞ ആദ്യമായി സ്വർണവില 61000 കടന്നു. ഇന്ന് പവന്റെ വില 61,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6395 രൂപയാണ്. ഒരു വർഷത്തിനുള്ളിൽ, സ്വർണ്ണ വില 10 ഗ്രാമിന് ഏകദേശം 15,000 രൂപയോളമാണ് വർദ്ധിച്ചത്. എന്നാൽ സ്വർണം വാങ്ങുന്നതിനു കാര്യമായ കുറവൊന്നും സംഭവിച്ചിട്ടില്ല. നിലവിൽ ഏകദേശം 27,000 ടണ്ണിലധികം സ്വർണമാണ് ഇന്ത്യയിലെ വീടുകളിലുള്ളത്. അതിൽ ഏകദേശം 5,300 ടൺ വായ്പ എടുക്കുന്നതിനായി പണയം വെച്ചിട്ടുണ്ട്.
