
ലക്ക്നൗ: ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂരില്‍ 19 കാരിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിഹാരിഗഡ് സ്വദേശിനിയായ പ്രീതിയാണ് ആത്മഹത്യ ചെയ്തത്. സഹാറന്‍പൂരിലെ ഒരു മാവിന്‍ തോപ്പിലാണ് പ്രീതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിക്കണമെന്ന ആവശ്യം കാമുകന്‍ നിരസിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് പ്രദേശ വാസികളാണ് പ്രീതിയെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച മുതല്‍ പ്രീതിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് കുടുംബം ലോക്കല്‍ പൊലീസില്‍ പരാതി നല്‍കി. ബുധനാഴ്ച പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്ന് പ്രദേശ വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതശരീരം പ്രീതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. പ്രീതി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ വിവാഹത്തിന് യുവാവിന് താത്പര്യമുണ്ടായിരുന്നില്ലെന്നും ഇത് പ്രീതിയെ മാനസികമായി തളര്‍ത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ഷാളുപയോഗിച്ചാണ് പ്രീതി മരത്തില്‍ തൂങ്ങിയത്. മൃതശരീരം കണ്ടെത്തിയ മാവിന്‍ തോപ്പ് രണ്ടുപേര്‍ ചേര്‍ന്ന് പാട്ടത്തിനെടുത്തിരിക്കുകയായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
