നെയ്മർ അൽ-ഹിലാൽ വിട്ടു; ബ്രസീലിയൻ ക്ലബ്ബുമായി കരാറിലെത്തി താരം

സൂപ്പർ താരം നെയ്മർ ജൂനിയർ അൽ-ഹിലാൽ വിട്ടു. ബ്രസീലിയൻ ക്ലബ്ബ് സാന്റോസുമായി കരാറിലെത്തി. നെയ്മറുമായുള്ള കരാർ അൽ ഹിലാൽ റദ്ദാക്കി. പരുക്കിനെ തുടർന്ന് അൽ ഹിലാലിനായി ചുരുങ്ങിയ മത്സരങ്ങൾ മാത്രമാണ് നെയ്മർ കളിച്ചത്. സാന്റോസിലാണ് നെയ്മർ തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ചത്. നെയ്മറിന്റെ ബാല്യകാല ക്ലബ്ബാണ് സാന്റോസ്.
2023ൽ 90 മില്യൺ യൂറോ ട്രാൻസ്ഫർ ഫീസിലാണ് താരം സൗദി ക്ലബ്ബിൽ എത്തുന്നത്. എന്നാൽ താരത്തിന് അൽ ഹിലാലിനായി ഏഴ് മത്സരങ്ങൾ മാത്രമേ കളിക്കാൻ കഴിഞ്ഞുള്ളൂ. ഒരു ഗോൾ നേടുകയും മൂന്ന് അസിസ്റ്റുകൾ നൽകുകയും ചെയ്തു. തുടർന്ന് പരുക്കിന്റെ പിടിയിലായ താരം ഒരു വർഷമായി പുറത്തായിരുന്നു.
അതേസമയം സന്റോസിനായി നെയ്മർ 225 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 136 ഗോളുകളും നേടിയിട്ടുണ്ട്. കോപ്പ ലിബർട്ടഡോറസ്, കോപ്പ ഡോ ബ്രസീൽ, കാമ്പിയോനാറ്റോ പോളിസ്റ്റ് കിരീടങ്ങൾ സാന്റോസിനായി നേടാൻ കഴിഞ്ഞിട്ടുണ്ട്. അക്കാദമിമുതൽ പത്തുവർഷം സാന്റോസിലായിരുന്നു നെയ്‌മർ. പിന്നീട് ബാഴ്‌സലോണ, പിഎസ്‌ജി ടീമുകൾക്കായും മുപ്പത്തിരണ്ടുകാരൻ ബൂട്ടണിഞ്ഞിട്ടുണ്ട്. 2026 ഫിഫ ലോകകപ്പ് ആയിരിക്കും തന്റെ അവസാനത്തെ ലോകകപ്പ് എന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
