ചിപ്സ് എടുത്തപ്പോൾ കൈയിൽ വന്ന ഭാഗ്യം; 4 മാസം മുമ്പ് കാറിൽ വെച്ച് മറന്ന ലോട്ടറി ടിക്കറ്റിന് 11 കോടിയുടെ സമ്മാനം

ലണ്ടൻ: യുകെയിലെ നാഷണൽ ലോട്ടറിയിൽ പത്ത് ലക്ഷം പൗണ്ടിന്റെ (11 കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനം നേടിയ യുവാവ് തന്നെ ഭാഗ്യം കടാക്ഷിച്ചെന്ന വിവരം മനസിലാക്കിയത് നാല് മാസങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി. കാറിൽ സൂക്ഷിച്ചിരുന്ന ടിക്കറ്റ് യാദൃശ്ചികമായി കൈയിൽ കിട്ടിയപ്പോഴാണ് വെറുതെ ഫലം നോക്കാമെന്ന് കരുതിയത്. പക്ഷേ കണ്ട കാഴ്ച ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്ന് 44കാരനായ ഡാരൻ ബർഫിറ്റ് പറഞ്ഞു. ദ മെട്രോയാണ് യുവാവിന് കൈവന്ന അപ്രതീക്ഷിത ഭാഗ്യത്തെ കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പതിവായി ലോട്ടറി എടുക്കുന്ന സ്വഭാവമുള്ള അദ്ദേഹം ടിക്കറ്റുകൾ കാറിന്റെ സെൻട്രൽ കൺസോളിലാണ് ടിക്കറ്റുകൾ സൂക്ഷിക്കാറുള്ളത്. ടിക്കറ്റുകൾ മാസങ്ങളായി ഇങ്ങനെ കാറിൽ കിടക്കുന്നതല്ലാതെ അപൂർവമായി മാത്രമേ സമ്മാനം വല്ലതും കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കാറുള്ളൂ. ഇതിനിടെ നാല് വയസുള്ള മകനും കാറിന്ററെ സെൻട്രൽ കൺസോളിൽ തന്റെ ചിപ്സ് പാക്കറ്റുകൾ വെയ്ക്കാറുണ്ടായിരുന്നു. അത് എടുക്കാൻ കാറിൽ കയറിയപ്പോഴാണ് ലോട്ടറി ടിക്കറ്റുകൾ കൂടി കൈയിൽ കിട്ടിയതെന്ന് ലാങ്ലാന്റ് ബേ ഗോൾഫ് ക്ലബ്ബിൽ ഗ്രീൻ കീപ്പറായിജോലി ചെയ്യുന്ന ഡാരൻ പറയുന്നു. വീട്ടിലിരുന്നപ്പോൾ മകൻ ചിപ്സ് ചോദിച്ചു. അപ്പോഴാണ് പകുതി കഴിച്ച ശേഷം ഒരു പാക്കറ്റ് തലേദിവസം കാറിൽ വെച്ചിരുന്നല്ലോ എന്ന് ഡാരൻ ഓർത്തത്. അത് എടുക്കാനായി കാറിലേക്ക് ചെന്നു. ചിപ്സ് പാക്കറ്റ് എടുത്തതിനൊപ്പം തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുകൾ കൂടി എടുത്ത് വീട്ടിലേക്ക് കൊണ്ടുവന്നു. പതിവുപോലെ ഇത്തവണയും ഏതാനും ടിക്കറ്റുകളുണ്ടായിരുന്നു. ഓരോന്നും എടുത്ത് നാഷണൽ ലോട്ടറി ആപ്പിൽ സ്കാൻ ചെയ്തു നോക്കി. എന്നാൽ മടങ്ങിപ്പോയ ഒരു ടിക്കറ്റ് സ്കാൻ ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് അത് അവസാനം നോക്കാമെന്ന് കരുതി മാറ്റിവെച്ചു. ഒടുവിൽ ഈ ടിക്കറ്റിന്റെ നമ്പറിൽ വിജയികളുടെ കൂട്ടത്തിലുണ്ടോ എന്ന് അന്നത്തെ ഫല പ്രഖ്യാപന വിവരം നോക്കി പരിശോധിച്ചു. അപ്പോൾ കണ്ട കാഴ്ച തനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്ന് രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ ഈ 44കാരൻ പറയുന്നു. തീയ്യതിയും നമ്പറുകളുമെല്ലാം വീണ്ടും വീണ്ടും നോക്കി ഉറപ്പാക്കി. പിന്നെയും സമയമെടുത്തു താനായിരുന്നു നാല് മുമ്പത്തെ നറുക്കെടുപ്പിലെ വിജയി എന്ന് ഉൾക്കൊള്ളാൻ. ഇതിനിടെ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം കിട്ടിയ ഭാഗ്യവാനെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അറിയിച്ചുകൊണ്ടും അതിന് പൊതുജനങ്ങളുടെ സഹായം തേടിയും നാഷണൽ ലോട്ടറി അധികൃതർ നൽകിയ പരസ്യം തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ഡാരൻ പറഞ്ഞു.
