CrimeWorld

യു.കെയിലെ മലയാളി നഴ്സിന് ജോലിക്കിടെ കത്രിക കൊണ്ട് കുത്തേറ്റു; രോഗിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

ലണ്ടൻ: യുകെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിന് രോഗിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. മലയാളിയായ 57കാരി അച്ചാമ്മ ചെറിയാനാണ് ചികിത്സയിലുള്ളത്. ശനിയാഴ്ച രാത്രി മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്ഹാം എൻ.എച്ച്.എസ് ആശുപത്രിയിലായിരുന്നു സംഭവം. സംഭവം പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയായിരുന്നെങ്കിലും  പരിക്കേറ്റത് മലയാളി നഴ്‍സിനാണെന്ന വിവരം നേരത്തെ ലഭ്യമായിരുന്നില്ല. രണ്ട് കുട്ടികളുടെ അമ്മയായ അച്ചാമ്മ ചെറിയാന്റെ പരിക്കുകൾ ഗുരുതരമാണെന്നും ചികിത്സ നൽകി വരികയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. നഴ്‍സിനും അവരുടെ കുടുംബത്തിനും സഹപ്രവർത്തകർക്കും നിർണായക സമയത്ത് പിന്തുണ നൽകുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് സൂപ്രണ്ട് മാറ്റ് വാക്കറിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. നഴ്‍സിനെ കുത്തി പരിക്കേൽപ്പിച്ച റുമോൺ ഹഖ് എന്ന 37കാരനെ സംഭവ സ്ഥലത്തു വെച്ചുതന്നെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി 11.30ന് ആശുപത്രിയിൽ ഏറെ തിരക്കുള്ള സമയത്ത് യുവാവിനെ പരിചരിക്കുന്നതിനിടെയായിരുന്നു ഇയാളുടെ ആക്രമണം. അക്യൂട്ട് മെ‍ഡിക്കൽ യൂണിറ്റിൽ വെച്ചായിരുന്നു സംഭവം. ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന കത്രിക എടുത്താണ് ഇയാൾ നഴ്സിന്റെ കഴുത്തിന് പിന്നിൽ കുത്തിയത്. സംഭവത്തിന് കാരണമായി പ്രകോപനമൊന്നും ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ ദീർഘനേരം കാത്തിരിക്കേണ്ടി വന്നതിന്റെ ദേഷ്യത്തിലായിരുന്നു ആക്രമണെന്ന് കരുതുന്നതായി ചില റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ പത്ത് വർഷമായി അച്ചാമ്മ ചെറിയാൻ ഇതേ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. വധശ്രമവും മൂർച്ചയുള്ള ആയുധം പൊതുസ്ഥലത്ത് കൈവശം വെച്ചതിനുമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് യുവാവിനെ കോടതിയിൽ ഹാജരാക്കി. ഇയാളെ പിന്നീട് റിമാൻ‍ഡ് ചെയ്തു. കേസ് ഫെബ്രുവരി 18ന് കോടതി പരിഗണിക്കും. രോഗിയിൽ നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണം ആശുപത്രി ജീവനക്കാരെ പരിഭ്രാന്തരാക്കിയതായി ദ ഗാർഡിയൻ പ്രസിദ്ധഈകരിച്ച റിപ്പോർട്ട് പറയുന്നു. ആശുപത്രിയുടെ പ്രവർത്തനങ്ങളൊന്നും തടസപ്പെട്ടിട്ടില്ലെന്നും ജീവനക്കാർ അന്വേഷണത്തിൽ പൊലീസുമായി സഹകരിക്കുമെന്നും നോർത്തൺ കെയർ അലയൻസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ചീഫ് നഴ്സിങ് ഓഫീസ‍ർ പിന്നീട് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button