
മാവേലിക്കര: പാമ്പാടിയിൽ ഏഴാംക്ലാസ് വിദ്യാർഥിനിക്ക് നേരെ നഗ്നത കാണിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത യുവാവിനെ മാവേലിക്കരയിൽ നിന്ന് പൊലീസ് പിടികൂടി. ആലപ്പുഴ തെക്കേക്കര കൈപ്പള്ളിമുക്ക് ഭാഗം കുറത്തിക്കാട് കളക്കാട്ട് ഹൗസിൽ ദേവദത്തൻ എന്ന കണ്ണൻ (21) ആണ് പാമ്പാടി പൊലീസിന്റെ പിടിയിലായത്. ഈ മാസം രണ്ടിന് രാവിലെ 9.20 ഓടെ പെൺകുട്ടി സ്കൂൾ ബസ് കാത്തുനിൽക്കുന്നതിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. പാമ്പാടി പള്ളിക്കുന്ന് ഭാഗത്ത് ബൈക്കിൽ എത്തിയ പ്രതി ബൈക്കിൽ ഇരുന്ന് നഗ്നത പ്രദർശിപ്പിക്കുകയും അതിജീവിതയോട് ലൈംഗിക അതിക്രമം കാണിക്കുകയുമായിരുന്നു. കൃത്യത്തിന് ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ പാമ്പാടി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐ ഉദയകുമാർ, എസ്.സി.പി.ഒമാരായ സുമിഷ് മാക്മില്ലൻ, നിഖിൽ, സി.പി.ഒമാരായ ശ്രീജിത്ത്രാജ്, ശ്രീകാന്ത്, അരുൺകുമാർ എന്നിവർ ചേർന്ന അന്വേഷണസംഘമാണ് പിടികൂടിയത്. സി.സിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽനിന്ന് മാവേലിക്കരയിലെ വീട്ടിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
