വാട്സാപ്പ് ഓഡിയോ ക്ലിപ്പിനെച്ചൊല്ലി യുവാവിനെ വെട്ടിക്കൊന്നു; മൂന്ന് സുഹൃത്തുക്കൾ അറസ്റ്റിൽ

മംഗളൂരു: വൈറലായ വാട്ട്സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മൂന്നുപേർ ചേർന്ന് സുഹൃത്തിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. ഉഡുപ്പി പൊലീസ് സ്റ്റേഷൻ പരിധിയിലെ സുബ്രഹ്മണ്യനഗരയിലെ പുത്തൂരിൽ ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം. പെയിന്റിങ് തൊഴിലാളി വിനയ് ദേവഡിഗയാണ് (35) കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തുക്കളായ അജിത്ത്(28), അക്ഷേന്ദ്ര(34), പ്രദീപ്(32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്ഷേന്ദ്രയും ജീവൻ എന്നയാളും തമ്മിലുള്ള സംഭാഷണം വിനയ് വാട്സാപ്പിൽ പങ്കുവെക്കുകയും വൈറലാവുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങിനെ: ചൊവ്വാഴ്ച ഉഡുപ്പിയിൽ ജോലി കഴിഞ്ഞ് വിനയ് വൈകീട്ട് ആറ് മണിയോടെ വീട്ടിലേക്ക് മടങ്ങി. പിന്നീട് മുറിയിൽ ഉറങ്ങാൻ കിടന്നു. രാത്രി 11.45 ഓടെ അജിത്, അക്ഷേന്ദ്ര, പ്രദീപ് എന്നീ പ്രതികൾ വിനയിന്റെ വീട്ടിൽ അതിക്രമിച്ചു കയറി. ശബ്ദം കേട്ട് വിനയ് ഉറക്കമുണർന്നു. മൂവരും ചേർന്ന് വിനയിന്റെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു. ഇതിനിടെ അക്ഷേന്ദ്രയും പ്രദീപും ചേർന്ന് വടിയും കത്തിയും ഉപയോഗിച്ച് വിനയിനെ ആക്രമിച്ച് തലയറുത്ത് കൊലപ്പെടുത്തി. ആക്രമണത്തിന് ശേഷം പ്രതികൾ സ്കൂട്ടറിൽ സ്ഥലം വിട്ടു. ഉഡുപ്പി സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
