Sports

മനുഭാകറിനും ഗുകേഷിനും ഹർമൻപ്രീത് സിങ്ങിനും പ്രവീൺ കുമാറിനും ഖേൽ രത്ന; മലയാളി നീന്തൽ താരം സജൻ പ്രകാശിന് അര്‍ജുന


ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം നാല് പേര്‍ക്ക്. ഒളിമ്പിക്‌സ് ഷൂട്ടിങ് വെങ്കല മെഡല്‍ ജേതാവ് മനു ഭാക്കര്‍, ചെസ് ലോകചാമ്പ്യന്‍ ഡി.ഗുകേഷ്, ഇന്ത്യന്‍ ഹോക്കി താരം ഹര്‍മന്‍പ്രീത് സിങ്, പാരാ അത്‌ലറ്റ് പ്രവീണ്‍ കുമാര്‍ എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. മലയാളി നീന്തല്‍ താരം സജ്ജന്‍ പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന പുരസ്‌കാരവും ലഭിച്ചു. മലയാളി ബാഡ്മിന്റണ്‍ പരിശീലകന്‍ എസ്. മുരളീധരനാണ് പരിശീലക രംഗത്തെ മികവിനുള്ള ദ്രോണാചാര്യ പുരസ്‌കാരം. ജനുവരി 17-ന് രാഷ്ട്രപ്രതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.

പാരിസ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടി മനു ഭാക്കര്‍ ചരിത്രമെഴുതിയിരുന്നു. ഷൂട്ടിങ് വ്യക്തിഗത വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രമാണ് മനു ഭാക്കർ സ്വന്തമാക്കിയത്. പിന്നാലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീമിനത്തിലും വെങ്കലം നേടി. നേരത്തെ മനു ഭാക്കറിന്റെ പേര് ഖേൽരത്ന പുരസ്കാരത്തിന് ശുപാർശ ചെയ്യാത്തത് വിവാദമായിരുന്നു.

സിംഗപ്പൂരില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് ചെസ് താരം ഡിങ് ലിറെനിനെ തോല്‍പ്പിച്ചാണ് 18 കാരനായ ഗുകേഷ് ലോകചാമ്പ്യനായത്. ഇതോടെ ലോകചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും ഗുകേഷിന് ലഭിച്ചു.

പാരിസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ചത് ഹർമൻപ്രീത് സിങ്ങായിരുന്നു. പാരിസ് പാരാലിംപിക്സിൽ ടി64 പുരുഷ ഹൈജംപില്‍ സ്വർണം നേടിയ താരമാണ് പ്രവീൺ കുമാർ. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ നേതൃത്വം നൽകുന്ന 12 അംഗ സെല‌ക്ഷൻ കമ്മിറ്റിയാണ് പുരസ്കാരത്തിനായി താരങ്ങളെ ശുപാർശ ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button