കാനഡയിൽ നിന്ന് മാട്രിമോണിയൽ സൈറ്റ് വഴി വിവാഹാലോചന; ഒടുവിൽ യുവതിക്ക് നഷ്ടപ്പെട്ടത് അഞ്ചര ലക്ഷത്തിലധികം രൂപ

ബംഗളുരു: മാട്രിമോണിയൽ വെബ്സൈറ്റ് വഴി വിവാഹലോചന നടത്തിയ യുവതിക്ക് തട്ടിപ്പുകാരുടെ കെണിയിൽ നഷ്ടമായത് 5.6 ലക്ഷം രൂപ. ബംഗളുരു ഇന്ദിരനഗർ സ്വദേശിനിയായ 29കാരിയാണ് പരാതിയുമായി ഈസ്റ്റ് സിഇൻ ക്രൈം പൊലീസ് സ്റ്റേഷനിലെത്തിയത്. കാനഡയിൽ താമസിക്കുന്നയാളെന്ന് പരിചയപ്പെടുത്തിയ ജയേന്ദ്ര കുമാർ എന്ന പ്രൊഫൈൽ വഴിയാണ് യുവതി കബളിപ്പിക്കപ്പെട്ടത്. മാർച്ച് മൂന്നാം തീയ്യതിയാണ് മാട്രിമോണിയൽ സൈറ്റിലൂടെ യുവതിക്ക് ജയേന്ദ്ര കുമാറിന്റെ ഇന്ററസ്റ്റ് ലഭിച്ചത്. കർണാടകയിൽ ജനിച്ചെങ്കിലും കനേഡിയൻ പൗരത്വമുള്ളയാളാണെന്ന് പരിചയപ്പെടുത്തി. ഒരു മുൻനിര കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥനാണെന്നും വലിയ ശമ്പളമുണ്ടെന്നും വിശ്വസിപ്പിച്ചു. +17093092358 എന്ന നമ്പറിൽ നിന്നാണ് യുവതിയെ വിളിച്ചതും വാട്സാപ്പിൽ മെസേജ് ചെയ്തിരുന്നതും. കുറച്ചുദിവസത്തെ സംസാരങ്ങൾക്ക് ശേഷം ഒരുദിവസം താൻ ഇന്ത്യയിലേക്ക് വരികയാണെന്ന് കുമാർ യുവതിയെ അറിയിച്ചു. വിമാന ടിക്കറ്റിന്റെ ഫോട്ടോ അയച്ചുകൊടുത്തു. യുവതിക്കായി വിലപിടിപ്പുള്ള സമ്മാനങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും വാഗ്ദാനം ചെയ്തു. പിന്നീട് ദില്ലി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ വന്നിറങ്ങിയെന്ന് വിളിച്ച് അറിയിച്ചു. എന്നാൽ വിലപിടിപ്പുള്ള സമ്മാനങ്ങളും പണവും കൊണ്ടുവന്നതിനാൽ കസ്റ്റംസുകാർ തടഞ്ഞുവെച്ചിരിക്കുകയാമെന്ന് പറഞ്ഞ് പിന്നാലെ മറ്റൊരു കോൾ എത്തി. ശേഷം കസ്റ്റംസ് ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീയും വിളിച്ചു. കസ്റ്റംസ് ചാർജായി വലിയ തുക അടച്ചില്ലെങ്കിൽ കുമാർ ജയിലിൽ പോവുമെന്നായിരുന്നു ഇവരുടെ ഭീഷണി. പിന്നാലെ യുവാവ് വിളിച്ച് കസ്റ്റംസ് ഡ്യൂട്ടിയായി 5.6 ലക്ഷം രൂപ അടയ്ക്കണമെന്നും അല്ലെങ്കിൽ താൻ ജയിലിലാവുമെന്നും യുവതിയോട് കരഞ്ഞുപറഞ്ഞു. ഇതനുസരിച്ച് യുവതി 5.6 ലക്ഷം രൂപ ഇവർ നൽകിയ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുത്തു. പണം കിട്ടിയതോടെ പിന്നീട് രണ്ട് പേരെക്കുറിച്ചും ഒരു വിവരവുമില്ലാതെയായി. ഫോൺ കോളുകളോ മെസേജുകളോ സ്വീകരിച്ചില്ല. ഇതോടെയാണ് തട്ടിപ്പാണ് നടന്നതെന്ന് മനസിലാക്കി യുവതി പൊലീസിനെ സമീപിച്ചത്. ഐടി നിയമവും ബിഎൻഎസ് 318-ാം സെക്ഷനും അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
