
കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥനും കേന്ദ്ര ജി എസ് ടി ഓഡിറ്റ് വിഭാഗം അഡീഷണൽ കമ്മീഷണറുമായ മനീഷിന്റെയും സഹോദരിയുടെയും അമ്മയുടെയും പോസ്റ്റ്‌മോർട്ടം ഇന്ന്. കളമശേരി മെഡിക്കൽ കോളേജിൽ രാവിലെ 10 മണിയോടെയാണ് നടപടി. മനീഷും സഹോദരിയും തൂങ്ങി മരിച്ചെന്നാണ് പൊലീസ് നിഗമനം. അമ്മ ശകുന്തള അഗർവാളിന്റെ മൃതദേഹം പുതപ്പുകൊണ്ട് മൂടി പൂക്കൾ വിതറിയ നിലയിലായിരുന്നു. അമ്മയെ കൊന്നതാണോ എന്ന സംശയത്തിലാണ് പോസ്റ്റ്‌മോർട്ടം. ശകുന്തള അഗർവാളിന്റെ തലയ്ക്ക് പിന്നിൽ പരിക്കേറ്റ പാടുള്ളതായി സംശയമുണ്ട്. മക്കൾ ആത്മഹത്യ ചെയ്തത് അമ്മയുടെ മൃതദേഹത്തിൽ അന്തിമ കർമ്മം ചെയ്ത ശേഷമാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. കർമ്മത്തിനായി പൂക്കൾ വാങ്ങിയതിന്റെ ബില്ലുകൾ പൊലീസ് കണ്ടെത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടം കഴിഞ്ഞ് വൈകിട്ട് 4 മണിക്ക് കാക്കനാട് അത്താണി പൊതുശ്മശാനത്തിലാണ് മൂവരുടെയും സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര ജിഎസ്ടി വകുപ്പിലെ അഡീഷണൽ കമ്മീഷണർ മനീഷ് വിജയിയുടേയും കുടുംബത്തിന്റെയും മരണത്തിൽ ശക്തമായ അന്വേഷണം ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. മനീഷിന്റെ സഹോദരി ശാലിനി വിജയ്ക്കെതിരായ സിബിഐ കേസ് കുടുംബത്തെ മനോവിഷമത്തിലാക്കിയിരുന്നുവെന്നാണ് നിഗമനം. ജാർഖണ്ഡിൽ സർക്കാർ സർവീസിൽ ഉദ്യോഗസ്ഥയായിരുന്ന മനീഷിന്റെ സഹോദരി ശാലിനി വിജയ് ജാർഖണ്ഡിൽ സിബിഐ അന്വേഷണം നേരിട്ടിരുന്നു. 2006 ൽ ശാലിനി അടക്കമുള്ളവർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ ക്രമക്കേട് നടന്നെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു സിബിഐ അന്വേഷണം. വരുന്ന ശനിയാഴ്ച്ച ഈ കേസിൽ ശാലിനിയോട് അന്വേഷണ സംഘം ഹാജരാകാനും ആവശ്യപ്പെട്ടു. ജാർഖണ്ഡിലേക്ക് പോകാനെന്ന പേരിൽ മനീഷ് അവധിയെടുത്തെങ്കിലും കുടുംബം കാക്കാനാട്ടെ ക്വാർട്ടേസിൽ തുടർന്നു. ഇതിനിടെയാണ് വീട്ടിൽ മനീഷിനെയും ശാലിനിയെയും അമ്മ ശകുന്തള അഗർവാളിനെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. സ്വാഭാവിക മരണമോ കൊലപാതകമോ എന്നത് പോസ്റ്റ്മോർട്ടം പൂർത്തിയായ ശേഷം വ്യക്തമാകും. എന്നാൽ മനീഷും സഹോദരിയും ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ അടുക്കളയിൽ കടലാസുകൾ കൂട്ടിയിട്ട് കത്തിച്ചതും ദുരൂഹത ഉണർത്തുന്നുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്നു മനീഷിന്റെ കേരളത്തിലെ ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കും. സഹോദരിക്കെതിരായ കേസ് അന്വേഷിക്കുന്ന സംഘവും പൊലീസിനോട് വിവരങ്ങൾ തേടിയിട്ടുണ്ട്. മൃതദേഹത്തനരികിൽ നിന്ന് കണ്ടെത്തിയ കുറിപ്പിൽ വിദേശത്തുള്ള സഹോദരിയെ വിവരം അറിയിക്കണമെന്ന് എഴുതിയിരുന്നു. ഇവർ വിദേശത്ത് നിന്നെത്തിയ ശേഷം പൊലീസ് വിശദമായ മൊഴിയെടുക്കും. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
