Crime

വൻ വേട്ട, തിരുവനന്തപുരത്ത് പിടിച്ചത് രണ്ടര ടണ്‍ നിരോധിത പുകയില ഉത്പന്നങ്ങൾ; വിൽപ്പന ചെറിയ ഷോപ്പുകളിലൂടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടര ടൺ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയെന്ന് എക്സൈസ് അറിയിച്ചു. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്‍റെ ഭാഗമായിട്ടായിരുന്നു പരിശോധന. അസം സ്വദേശിയായ മുഹമ്മദ്‌ മജാറുൾ, ഇയാളുടെ സഹായിയായ ഹാറൂൻ റഷീദ് എന്നിവരാണ് വാടക വീട്ടിൽ ഒളിപ്പിച്ചിരുന്ന വൻ പുകയില ഉൽപ്പന്നങ്ങളുടെ ശേഖരവുമായി പിടിയിലായത്.  എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ പി ഷാജഹാനും സംഘവും ചേർന്നാണ് റെയ്‌ഡ് നടത്തിയത്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ചെറിയ പാൻ ഷോപ്പുകൾ നടത്തിയായിരുന്നു അസം സ്വദേശിയുടെ നിരോധിത പുകയില വിൽപ്പനയെന്ന് എക്സൈസ് അറിയിച്ചു. റെയ്‌ഡിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ലോറൻസ്, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, ആരോമൽ രാജൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ആന്റോ  എന്നിവരും പങ്കെടുത്തു. കുടിവെള്ള ബോട്ടില്‍ വിതരണ ഗോഡൗണില്‍ നിന്ന് വൻ പുകയില ശേഖരം പിടികൂടി തൃശൂരിലും കഴിഞ്ഞ ദിവസം വൻ തോതിൽ പുകയില ഉത്പന്നങ്ങൾ പിടികൂടി. കുടിവെള്ള ബോട്ടില്‍ വിതരണ ഗോഡൗണില്‍ നിന്ന് ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷമീലിന്‍റെ (30) ഉടമസ്ഥതയിലുള്ള കുടിവെള്ളം വിതരണ ഗോഡൗണില്‍ നിന്നാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. കുന്നംകുളം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കുന്നംകുളം പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. വെള്ളം വിതരണത്തിന്റെ മറവിലാണ് മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. എം.ഡി.എം.എ. ഉള്‍പ്പെടെ സമാനമായ ലഹരി കേസുകളില്‍ പ്രതിയാണ് ഷമീലെന്ന് പൊലീസ് പറഞ്ഞു. വീടിനോട് ചേര്‍ന്നുള്ള ഗോഡൗണിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ ചാക്കിലാക്കി സൂക്ഷിച്ചിരുന്നത്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍മാരായ ഫക്രുദീന്‍, വൈശാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തി നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button