ഐതിഹാസിക സെഞ്ചുറിയില്‍ അസറുദ്ദീന്‍ സ്വന്തമാക്കിയത് പുതിയ റെക്കോഡ്! കേരളാ താരത്തെ വാഴ്ത്തി സോഷ്യല്‍ മീഡിയ

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിച്ചത് മുഹമ്മദ് അസറുദ്ദീന്റെ ഇന്നിംഗ്‌സായിരുന്നു. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 149 രണ്‍സുമായി ക്രീസിലുണ്ട് താരം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെടുത്തിട്ടുണ്ട്. അസറിനൊപ്പം ആദിത്യ സര്‍വാതെ (10) ക്രീസിലുണ്ട്. 500ന് അടുത്തുള്ള സ്‌കോറായിരിക്കും ലക്ഷ്യം. മറുപടി ബാറ്റിംഗില്‍ കേരളത്തിന്റെ സ്പിന്‍ വെല്ലുവിളി അതിജീവിക്കുക ഗുജറാത്തിന് എളുപ്പമുള്ള കാര്യമായിരിക്കില്ല. ഇതുവരെ 303 പന്തുകള്‍ നേരിട്ട താരം 17 ഫോറുകള്‍ നേടിയിട്ടുണ്ട്. 52 റണ്‍സ് നേടിയ സല്‍മാന്‍ നിസാറിനൊപ്പം 149 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ അസറിന് സാധിച്ചിരുന്നു. അസറിന്റെ സെഞ്ചുറി താരത്തെ ഒരു റെക്കോര്‍ഡിലേക്കും നയിച്ചു. കേരളത്തിന് വേണ്ടി രഞ്ജി ട്രോഫി സെമി ഫൈനലില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായിരിക്കുകയാണ് അസര്‍. കേരളത്തിന്റെ രണ്ടാമത്തെ മാത്രം രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരമാണിത്. തകര്‍പ്പന്‍ ചെറുത്തുനില്‍പ്പിന് പിന്നാലെ താരത്തെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ.
അസറിനേയും സല്‍മാനേയും കൂടാതെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും (69) മികച്ച പ്രകടനം പുറത്തെടിരുന്നു. ഗുജറാത്തിന് വേണ്ടി അര്‍സാന്‍ നാഗ്വസ്വാല മൂന്ന് വിക്കറ്റ് വീഴ്ത്തി. നാലിന് 206 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം ബാറ്റിംഗിനെത്തുന്നത്. എന്നാല്‍ കേരളത്തെ തുടക്കത്തില്‍ തന്നെ ഞെട്ടിച്ചാണ് ഗുജറാത്ത് തുടങ്ങിയത്. തലേന്നത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാനാകാതെ സച്ചിന്‍ ബേബി മടങ്ങി. നാഗ്വസ്വാലയുടെ പന്തില്‍ ആര്യ ദേശായിക്ക് ക്യാച്ച്. 206ന് 5 എന്ന നിലയില്‍ പതറിയ കേരളത്തെ പിന്നീട് ചുമലിലേറ്റിയ അസറുദ്ദീന്‍-സല്‍മാന്‍ നിസാര്‍ സഖ്യമായിരുന്നു. ഇരുവരും കരുതലോടെ കളിച്ച് കൂടുതല്‍ നഷ്ടങ്ങളില്ലാതെ 300 കടത്തുകയായിരുന്നു. ടീം ടോട്ടല്‍ 350 കടന്നശേഷമാണ് സല്‍മാന്‍ നിസാര്‍ മടങ്ങിയത്. ഇരുവരും 149 റണ്‍സ് കൂട്ടിചേര്‍ത്തു. 202 പന്തില്‍ നാലു ഫോറും ഒരു സിക്‌സും പറത്തി 52 റണ്‍സെടുത്ത സല്‍മാന്‍ നിസാറിനെ വൈശാല്‍ ജയ്‌സ്വാള്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഇതിനിടെ അസര്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതുവരെ 303 പന്തുകള്‍ നേരിട്ട താരം 17 ഫോറുകള്‍ നേടിയിട്ടുണ്ട്. സച്ചിന്‍, സല്‍മാന്‍ എന്നിവര്‍ക്ക് പുറമെ മുഹമ്മദ് ഇമ്രാന്റെ (24) വിക്കറ്റും കേരളത്തിന് നഷ്ടമായി. അസറിനൊപ്പം ചേര്‍ന്ന് 40 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് ഇമ്രാന്‍ മടങ്ങിയത്. തുടര്‍ന്ന് അസര്‍ – സര്‍വാതെ സഖ്യം കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാവാതെ കാത്തു.
