Spot lightWorld

ഓൺലൈനിലൂടെ പരിചയം, പ്രണയത്തിലായി, അന്വേഷിച്ചപ്പോള്‍ ഭര്‍ത്താവും കുട്ടിയും, യുവാവിന് 55 ലക്ഷം രൂപ നഷ്ട്ടപ്പെട്ടു

പലതരം തട്ടിപ്പുകളും ഇന്നുണ്ട്. അതുപോലെയാണ് വിവാഹത്തട്ടിപ്പുകളും. ഇത്തരം തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെടുന്ന ഒരുപാട് പേരുടെ വാർത്തകൾ നാം വായിച്ചുകാണും. അതുപോലെ ചൈനയിലെ ഒരു യുവാവിന് നഷ്ടപ്പെട്ടിരിക്കുന്നത് 55 ലക്ഷം രൂപയാണ്.  എന്തായാലും, ചൈനയിലെ സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയായിരിക്കയാണ്. തട്ടിപ്പുകാർക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കണം എന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഷിൻ എന്നയാളാണ് പറ്റിക്കപ്പെട്ടത്.  വെഡ്ഡിം​ഗ് പ്ലാനിം​ഗ് സർവീസിന്റെ ഒരു പരസ്യം ഷിന്നിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇവരുമായി ബന്ധപ്പെട്ടാണ് ഷായു എന്ന സ്ത്രീയെ ഷിൻ പരിചയപ്പെടുന്നത്. ഓൺലൈനിലായിരുന്നു ഇരുവരും സംസാരിച്ചിരുന്നത്. അധികം വൈകാതെ അത് പ്രണയമായി മാറി. ഭാവിയിൽ തങ്ങൾ വിവാഹിതരാവും എന്ന് തന്നെ ഷിൻ കരുതി.  ചൈനയിൽ സ്ത്രീധനത്തിന് പകരം, പുരുഷന്മാർ വധുവിനാണ് പണം നൽകുന്നത്. അങ്ങനെ വധുവില(bride price)യായി 22 ലക്ഷം രൂപ അവൾ ഷിന്നിനോട് ആവശ്യപ്പെട്ടു. പിന്നീട്, തന്റെ സഹോദരിക്ക് സമ്മാനം വാങ്ങുന്നതിന്, അമ്മയുടെ ചികിത്സാച്ചെലവുകൾക്ക് എന്നൊക്കെ പറഞ്ഞ് കൂടുതൽ‌ തുക അവൾ വീണ്ടും ആവശ്യപ്പെട്ടു. എല്ലാ കാര്യങ്ങളും ഫോണിലൂടെ അവൾ ഷിന്നിനെ വിശ്വസിപ്പിക്കുകയും ചെയ്തു. അങ്ങനെ ആകെ 55 ലക്ഷം രൂപയാണ് അയാൾ കൈമാറിയത്.  എന്തായാലും, പിന്നീട് അവർ നേരിൽ കാണാൻ തീരുമാനിച്ചു. നേരിൽ കണ്ടപ്പോൾ ചിത്രങ്ങളിൽ കാണുന്നതുപോലെയേ ആയിരുന്നില്ല അവളെ കാണാൻ. ഷായു പറഞ്ഞത് ആ ചിത്രങ്ങളിൽ ഫിൽറ്റർ ഉപയോ​ഗിച്ചിരുന്നു എന്നാണ്. എന്തിരുന്നാലും വിവാഹവുമായി മുന്നോട്ട് പോകാൻ ഷിൻ തീരുമാനിച്ചു. എന്നാൽ, കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഷായുവിന്റെ സഹോദരി എന്ന് പറഞ്ഞ് ഒരു യുവതി അയാളെ വിളിച്ചു. ഈ ബന്ധം അവസാനിപ്പിക്കണം എന്നാണ് അവൾ ആവശ്യപ്പെട്ടത്.  ആകെ സംശയം തോന്നിയ ഷിൻ ഒന്ന് ആഴത്തിൽ അന്വേഷിച്ചു. അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയത്. സഹോദരി എന്ന് പറഞ്ഞ് വിളിച്ചതും ഷായു തന്നെ ആയിരുന്നു. ഷായു വിവാഹിതയാണ്, ഒരു കുട്ടിയുണ്ട്. വിവാഹത്തട്ടിപ്പാണ് ഷായുവും വെഡ്ഡിം​ഗ് പ്ലാനിം​ഗ് സർവീസും ഒക്കെ ചേർന്ന് നടത്തിയത്.  ഇതോടെ, ഷിൻ പൊലീസിനെ സമീപിച്ചു. തട്ടിപ്പുകാർ തന്നെയാണ് ഇതിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button