BusinessNationalSpot lightWorld

ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ! കാരണമെന്ത്? കണ്ടന്‍റ് കോപ്പിയടിക്കാര്‍ക്കും പൂട്ട്

കാലിഫോര്‍ണിയ: സ്‌പാമിംഗും കണ്ടന്‍റ് കോപ്പിയടിയും തടയുന്നതിന്‍റെ ഭാഗമായി മെറ്റ 2025ല്‍ ഇതുവരെ നീക്കം ചെയ്തത് ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍. ഫേസ്ബുക്ക് പേജ് കൂടുതല്‍ സത്യസന്ധവും ആധികാരികവും പ്രധാന്യമുള്ളതുമാക്കി മാറ്റാനുള്ള വിശാല ശ്രമത്തിന്‍റെ ഭാഗമാണ് ഈ നീക്കമെന്ന് മെറ്റ വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി ഒറിജനല്‍ കണ്ടന്‍റുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള കൂടുതല്‍ നടപടികള്‍ മെറ്റ പ്രഖ്യാപിക്കുകയും ചെയ്തു. കോപ്പിയടി കണ്ടന്‍റുകള്‍ കണ്ടെത്താനുള്ള പുത്തന്‍ സംവിധാനം തയ്യാറായതായും മെറ്റ അറിയിച്ചു.

ഫേസ്ബുക്ക് ഫീഡ് സത്യസന്ധമാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയാണ് മെറ്റ. ഇനി മുതല്‍ ഒറിജിനല്‍ കണ്ടന്‍റുകള്‍ക്കേ പ്രാധാന്യം നല്‍കൂവെന്ന് മെറ്റ അധികൃതര്‍ വ്യക്തമാക്കി. അണ്‍ഒറിജിനല്‍ അഥവാ മറ്റ് കണ്ടന്‍റ് ക്രിയേറ്റര്‍മാരുടെ ഉള്ളടക്കങ്ങള്‍, മതിയായ ക്രഡിറ്റ് നല്‍കാതെ തുടര്‍ച്ചയായി പോസ്റ്റ് ചെയ്യുന്നത് തടയുകയാണ് പ്രധാനമായും മെറ്റ ഇതിന്‍റെ ഭാഗമായി ചെയ്യുന്നത്. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയോ അല്ലാതെയോ ഉള്ളടക്കങ്ങള്‍ റീഷെയര്‍ ചെയ്യുന്നതിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. എന്നാല്‍ മറ്റുള്ളവരുടെ ഉള്ളടക്കങ്ങള്‍ അവരുടെ അനുമതിയോ കടപ്പാടോ ഇല്ലാതെ ഫീഡില്‍ നേരിട്ട് പോസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മെറ്റ ബ്ലോഗ്‌പോസ്റ്റില്‍ വ്യക്തമാക്കി. മറ്റുള്ള ആളുകള്‍ പോസ്റ്റ് ചെയ്ത വീഡിയോകളും ചിത്രങ്ങളും എഴുത്തുകളും കടപ്പാട് രേഖപ്പെടുത്താതെ തുടര്‍ച്ചയായി പോസ്റ്റ് ചെയ്യുന്നത് ചെറുക്കാന്‍ ശക്തമായ നടപടികള്‍ മെറ്റ പ്രഖ്യാപിച്ചു.

കോപ്പിയടിക്കാരെ ഫേസ്‌ബുക്ക് മോണിറ്റൈസേഷന്‍ പ്രോഗ്രാമില്‍ നിന്ന് പുറത്താക്കുക മാത്രമല്ല, പോസ്റ്റുകളുട റീച്ച് കുറയ്ക്കുമെന്ന മുന്നറിയിപ്പും മെറ്റ നല്‍കി. മെറ്റയുടെ സംവിധാനം ഫേസ്ബുക്കിൽ കോപ്പിയടി വീഡിയോകൾ തിരിച്ചറിഞ്ഞാല്‍, യഥാർഥ സൃഷ്‌ടാക്കള്‍ക്ക് അവർ അർഹിക്കുന്ന ദൃശ്യപരത ലഭിക്കുന്നതിനായി കോപ്പിയടി വീഡിയോയുടെ റീച്ച് കുറയ്ക്കുമെന്ന് മെറ്റ അധികൃതര്‍ വിശദീകരിച്ചു. യഥാര്‍ഥ വീഡിയോയുടെ ലിങ്ക് ഡ്യൂപ്ലിക്കേറ്റ് വീഡിയോകള്‍ക്കൊപ്പം പ്രദര്‍ശിപ്പിക്കുന്ന രീതി പരീക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും മെറ്റയുടെ ബ്ലോഗ്‌ പോസ്റ്റില്‍ പറയുന്നു. ഇത് നിലവില്‍ വന്നാല്‍ ഓരോ വീഡിയോയുടെയും താഴെ Original by എന്ന ഡിസ്‌ക്ലൈമര്‍ കാണാനാകും.

ഒറിജിനല്‍ കണ്ടന്‍റുകള്‍ക്ക് മെറ്റയുടെ പ്രോത്‌സാഹനം

നിങ്ങളുടെ കണ്ടന്‍റിന് കൂടുതല്‍ വിസിബിളിറ്റി ലഭിക്കാന്‍ ഒറിജിനല്‍ കണ്ടന്‍റുകള്‍ പോസ്റ്റ് ചെയ്യാനും, ശരിയായ തലക്കെട്ടുകളും ഹാഷ്‌ടാഗുകളും നല്‍കാനും, തേഡ്-പാര്‍ട്ടി ആപ്പുകളുടെ വാട്ടര്‍മാര്‍ക്കുകള്‍ ഒഴിവാക്കാനും അടക്കമുള്ള നിര്‍ദ്ദേശങ്ങളും മെറ്റ പുറപ്പെടുവിച്ചിട്ടുണ്ട്. ഒറിജിനല്‍ കണ്ടന്‍റ് പ്രോത്സാഹിക്കാനുള്ള നയം യൂട്യൂബും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കോപ്പിയടി കണ്ടന്‍റുകള്‍ക്ക് പണം ലഭിക്കില്ല എന്ന് പുതുക്കിയ മോണിറ്റൈസേഷന്‍ പോളിയില്‍ യൂട്യൂബ് അധികൃതര്‍ തറപ്പിച്ചുപറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button